പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ സംവിധായകരായ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച മലയാള സിനിമയിലെ പുതിയ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയനും. താനും സംഘടനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ട് എന്നും നിഷ്പക്ഷവും പുരോഗമനപരവുമായ ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണെന്നും സംവിധായകൻ വ്യക്തമാക്കി.
സ്വന്തം കാര്യസാധ്യത്തിനായി സംഘടനകളെ ഹൈജാക്ക് ചെയ്ത് നേതാക്കൾ ഉപയോഗിക്കുന്ന അവസ്ഥ മാറണം. ജൂനിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതാകണം സംഘടന. വൈകാതെ അംഗത്വം സ്വീകരിക്കുമെന്നും വിനയൻ വ്യക്തമാക്കി.
അതേസമയം തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിഖ് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.