ആലപ്പുഴ∙ കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ. എം.ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിയെ വിമര്‍ശിച്ച് മൃഗസംരക്ഷണ വകുപ്പ്മന്ത്രി ജെ. ചിഞ്ചുറാണി. വൈസ്ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്ന് അവർ അറിയിച്ചു. യൂണിവേഴ്സിറ്റി നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് സസ്പെൻഷനെന്നും മന്ത്രി അറിയിച്ചു.
‘‘ഇത്രയും നടപടിയെടുത്തത് യൂണിവേഴ്സിറ്റിയാണ്. വൈസ്ചാൻസിലറും ഡീനും അടക്കമുള്ളവരാണ് ഇത്തരം നടപടികളുമായി മുന്നോട്ടുപോയത്. ആ നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു അച്ചടക്ക നടപടി കൊണ്ടുവന്നത്. അതിനോട് ഒരുതരത്തിലും യോജിക്കുന്നില്ല.’’– മന്ത്രി പറഞ്ഞു.
കുട്ടികൾ തമ്മിലുള്ള പ്രശ്നമാണ് സർവകലാശാലയിലുണ്ടായതെന്നും ചിഞ്ചുറാണി കൂട്ടിച്ചേർത്തു. പൊലീസ് അന്വേഷണം നല്ലരീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
‘‘കുട്ടികളുടെയും ഹോസ്റ്റലിന്റെയും ചുമതലയുള്ളയാളാണ് ഡീൻ. അവിടെ നടക്കുന്ന കാര്യങ്ങൾ അന്വേഷിക്കേണ്ട ചുമതലയുണ്ട്. മരണവാർത്ത സിദ്ധാർഥന്റെ കുടുംബത്തെ കുട്ടികളാരോ ആണ് വിളിച്ചറിയിച്ചത്. അത് ഗുരുതരമായ പിഴവാണ്. മരണവാർത്ത കുടുംബത്തെ അറിയിക്കേണ്ടത് ഡീനായിരുന്നു. അതിൽ അല്‍പം വീഴ്ച പറ്റിയിട്ടുണ്ട്. ഡീനിനെ അന്വേഷണവിധേയമായി മാറ്റിനിർത്താൻ പറഞ്ഞിട്ടുണ്ട്.’’– ചിഞ്ചുറാണി അറിയിച്ചു.