Spread the love

2018ന് ശേഷം കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഗതിവേഗം വർധിച്ചു: മന്ത്രി കെ രാജൻ

2018ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഗതിവേഗം വർധിച്ചെന്ന് റവന്യൂമന്ത്രി കെ രാജൻ. ഉണ്ടാകാൻ പോകുന്ന അപകടങ്ങളെ നേരത്തെ തിരിച്ചറിയുക എന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളും അതിനാവശ്യമായ ഹോം വർക്കുകളും നടത്തിയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ സൈക്ലോൺ അഭയകേന്ദ്രം അഴീക്കോട് മേനോൻ ബസാറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അപകടം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ തന്നെ കുറഞ്ഞ കാലയളവിൽ ദുരന്തത്തിന്റെ ഉത്ഭവം കണ്ടെത്തി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഓറഞ്ച് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. അപകടസാധ്യത പ്രദേശങ്ങളെ റെഡ് സോണായി അടയാളപ്പെടുത്താനുള്ള പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ദുരന്തങ്ങളെ മറികടക്കാനുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീരദേശത്തുള്ളവർക്ക് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. ടെട്രാപാഡുകൾ ഉപയോഗിച്ച് കുറഞ്ഞ കാലയളവിൽ സ്‌പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി തീരദേശത്തെ കടൽക്ഷോഭങ്ങൾക്ക് അറുതി വരുത്താനുള്ള ശ്രമങ്ങൾ അതിവേഗം നടന്നുവരികയാണ്. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട് മാറ്റിപ്പാർപ്പിക്കപ്പെട്ട രജിസ്റ്റർ ചെയ്‌ത ഭൂമിയുണ്ടായിരുന്ന മത്സ്യതൊഴിലാളികളുടെ സ്ഥലങ്ങൾ നിർമ്മാണപ്രവർത്തനങ്ങളൊഴിച്ച് അവർക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply