എ ഐ സി സി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും. കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ. ആദ്യപടിയായി കെ വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി. ‘കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും’ കെ സുധാകരന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. എഐസിസി അംഗമായതിനാൽ തോമസിനെതിരായ നടപടി ഹൈക്കമാൻഡ് കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് കെപിസിസി കത്തയച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തിൽ കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തുന്നു. സിപിഎം വേദിയിലെത്തിയുള്ള തോമസിന്‍റെ പിണറായി സ്തുതിയും കെ റെയിൽ പിന്തുണയും വഴി പാർട്ടിയിൽ തോമസിനോട് മൃദുസമീപനമുള്ളവരും ഇനി തിരുത്തുമെന്നാണ് കെപിസിസി പ്രതീക്ഷ.