Spread the love

മലയാള സിനിമയിലെ പ്രമുഖനടൻ വലിയ ഒരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി പൊതുവേദിയിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ആ പ്രമുഖ നടൻ ആരെന്ന് വ്യക്തമാക്കാതെയായിരുന്നു ലിസ്റ്റിന്റെ പരാമർശം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രസ്തുത വീഡിയോയും ഇതുമായി ബന്ധപ്പെട്ട വാർത്തകളും മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലിസ്റ്റിൽ ആരോപിക്കുന്ന നടൻ നിവിൻ പോളി ആണെന്ന അഭ്യൂഹം ശക്തമാവുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നഏറ്റവും പുതിയ സിനിമ ബേബി ഗേളിൽ നിവിനാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഷെഡ്യൂൾ നൽകിയ താരം ഇതേ സമയത്ത് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോയതിലാണ് നിർമ്മാതാവ് വിമർശനം ഉന്നയിച്ചതെന്നാണ് ലിസ്റ്റിനോട് അടുത്ത വൃത്തങ്ങളിൽ നിന്നും പ്രചരിക്കുന്ന വാർത്ത. പ്രിൻസ് ആൻഡ് ഫാമിലി എന്ന ദിലീപ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയായിരുന്നു ലിസ്റ്റിന്റെ പരാമർശം.

അതേസമയം വലിയ തെറ്റിന് തുടക്കമിട്ടു എന്ന് ലിസ്റ്റിൻ ആരോപിക്കുന്ന ആ പ്രമുഖൻ നിവിൻപോളി തന്നെ എന്ന് സ്ഥിരീകരിക്കുന്ന തരത്തിൽ ലിസ്റ്റിൻ സ്റ്റീഫനും ബേബി ഗേളിന്റെ സംവിധായകൻ അരുൺ വർമ്മയും നിവിൻ പോളിയെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്തിട്ടുണ്ട്. നേരത്തെ നടൻ കുഞ്ചാക്കോ ബോബനെയായിരുന്നു നിവിൻ പോളിയുടെ വേഷത്തിനായി പരിഗണിച്ചിരുന്നത്. എന്നാൽ ഇത് നടക്കാതെ വന്നതോടെ പകരം നിവിൻ ജോയിൻ ചെയ്യുകയായിരുന്നു.

ബേബി ഗോളിന്റെ ലൊക്കേഷനിൽ ചിത്രീകരണത്തിനായി ജോയിൻ ചെയ്ത നടൻ തനിക്ക് അവധി വേണമെന്ന് നിർമ്മാതാവിനോടും സംവിധായകനോടും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ ഇതിന് അനുകൂല നിലപാട് ഇരുവരും സ്വീകരിക്കാതെയായതോടെ നിവിൻ പോളി സ്വന്തം ഇഷ്ടപ്രകാരം ലൊക്കേഷനിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു എന്നുമാണിപ്പോൾ പ്രമുഖ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ. പിന്നാലെ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ താരം ജോയിൻ ചെയ്തതെന്നും ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്തായാലും വൈകാതെ നിവിൻപോളിയുടെ പേര് ലിസ്റ്റിൻ വെളിപ്പെടുത്തുമെന്നാണ് വിവരം. ഇത്തരത്തിൽ നിർമ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹിത്വത്തിൽ തന്നെ ഇരിക്കുന്ന ഒരാൾ ഒരു പ്രമുഖ നടനെതിരെ ആരോപണവുമായി വരുമ്പോൾ സംഭവിക്കാവുന്ന ഭവിഷത്തുകൾ കണ്ടറിയണം. എന്നാൽ ലിസ്റ്റിൽ ഇതുവരെയും സംഘടനാപരമായി പരാതിയുമായി മുന്നോട്ടു പോയിട്ടില്ല.

അതേസമയം ലിസ്റ്റിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തി. നിർമ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇരിക്കുന്ന ഒരാൾ സംഘടനാപരമായി പരാതി മുന്നോട്ടു കൊണ്ടുപോകാതെ പൊതുവേദിയിൽ നടന്മാർക്കെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും നിർമ്മാതാക്കളുടെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ലിസ്റ്റിൽ ഒഴിഞ്ഞു പോവുകയാണ് ചെയ്യേണ്ടതെന്നും സാന്ദ്ര പറഞ്ഞു.

Leave a Reply