ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഡിസ്നിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ജോലിക്കാര്യത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്നി. കമ്പനി വൈകാതെ തന്നെ ജോലികൾ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിഇഒ ബോബ് ചാപെക്കിന്റെ ലീക്കായ മെമ്മോയിൽ പറയുന്നു. ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരിൽ നിന്ന് എത്രത്തോളം ജോലികൾ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് യാത്രകൾ പരിമിതപ്പെടുത്താനും ചാപെക് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമേ പരിഗണിക്കാവൂ എന്നും അദ്ദേഹം മെമ്മോയിൽ പറയുന്നുണ്ട്. വരുമാനത്തിന്റെ കാര്യത്തിൽ ഡിസ്നി പിന്നിലാണ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയമാണിത്. 52 ആഴ്ചയിലെ ഓഹരി വിവരങ്ങൾ നോക്കിയാൽ ഏറ്റവും താഴ്ന്ന നിലയിലാണ് ഡിസ്നിയുടെ ഓഹരി.