ആലങ്ങാട് ∙ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നു പെട്രോൾ ഊറ്റുന്ന സംഘം വിലസുന്നു. പാനായിക്കുളം ചിറയം റേഷൻകട കവലയ്ക്കു അടുത്താണ് കഴിഞ്ഞദിവസം രാത്രി ഇത്തരത്തിൽ പെട്രോൾ ഊറ്റൽ നടന്നത്. പുലർച്ചെ രണ്ടു മണിയോടെ മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇരുചക്രവാഹനങ്ങളിൽ നിന്നു പെട്രോൾ ഊറ്റിയത്. സിസിടിവിയിൽ യുവാക്കൾ കുപ്പികളുമായി എത്തി പെട്രോൾ മോഷ്ടിക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങളുടെ പുറത്തിരിക്കുന്ന ബൈക്കുകളിൽ നിന്നാണു കൂടുതലും പെട്രോൾ കവരുന്നത്.
മാസങ്ങൾക്കു മുൻപു അടുത്ത പ്രദേശങ്ങളായ കൂനമ്മാവ്, ചെറിയപ്പിള്ളി എന്നിവിടങ്ങളിലും ഇത്തരത്തിൽ ഇന്ധന മോഷണങ്ങൾ നടന്നിരുന്നു. തുടർന്നു നാട്ടുകാർ ജാഗ്രത പാലിച്ചതോടെയാണ് അവസാനിച്ചത്.അടിക്കടിയുള്ള മോഷണങ്ങൾക്കു പിന്നാലെ പെട്രോൾ ഊറ്റുന്ന സംഘവും ആലങ്ങാട് മേഖലയിൽ വിലസാൻ തുടങ്ങിയതോടെ ഇരുചക്രവാഹന യാത്രികരും ദുരിതത്തിലായിരിക്കുകയാണ്.അതിനാൽ രാത്രി സമയത്തു പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.