ജൂലൈ 1 മുതൽ രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സമ്പൂർണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 2030-ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കുമെന്ന് ഈ വർഷം മാർച്ചിൽ 170 രാജ്യങ്ങൾ പ്രതിജ്ഞയെടുത്തിരുന്നു. കെനിയയിലെ നെയ്‌റോബിയിൽ വെച്ചു നടന്ന യുഎൻ പരിസ്ഥിതി അസംബ്ലിയിൽ നടന്ന ആ പ്രതിജ്ഞയിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മലാവി, എത്യോപ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചതിന്റെ ഭാഗമായി കർശന നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകൾ കൂടാതെ, മറ്റ് അപകടകരമായ പ്ലാസ്റ്റിക് മാലിന്യങ്ങളും നിരോധിക്കുന്ന ചില രാജ്യങ്ങളുണ്ട്. പ്ലാസ്റ്റിക് സ്ട്രോകളും ബാഗുകളും ബ്രിട്ടൻ നിരോധിച്ചിരുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളിലും മറ്റുമുള്ള പ്ലാസ്റ്റിക് മൈക്രോബീഡുകൾ ഉപയോഗിക്കുന്നത് അമേരിക്കയും നിരോധിച്ചിരുന്നു. കേരളത്തിൽ 2020 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നിരുന്നു. എന്നാൽ പ്ലാസ്റ്റിക്കിന് പകരം എന്ന പേരിൽ വന്ന നിരവധി ഉത്പന്നങ്ങൾ അധികവും പ്ലാസ്റ്റിക്കിനെക്കാൾ മാരകമാണെന്നു കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിന് പകരം തുണിയിലും കടലാസിലും തീർത്ത ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം എന്നായിരുന്നു സർക്കാർ നിർദേശം.