Spread the love

സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന വരാനിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തെന്നിന്ത്യയുടെ എല്ലാ അതിർവരമ്പുകളും കടന്ന് പാൻ ഇന്ത്യൻ ലെവലിൽ പുഷ്പ വലിയ പ്രശംസ നേടി കൂട്ടിയതോടെയാണ് ഈ അല്ലു അർജുൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരുടെ കാത്തിരിപ്പ്. രണ്ടു വർഷത്തോളം ഷൂട്ടിങ് നടന്ന ചിത്രം ഈ വർഷം ആഗസ്റ്റ് 15 ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഡിസംബര്‍ ആറിലേക്ക് ഇത് നീട്ടിയെന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.

വലിയ ആരാധക പ്രതീക്ഷകളുള്ള സിനിമയുടെ റിലീസ് അപ്രതീക്ഷിതമായി നീട്ടിവെക്കാനുള്ള കാരണം അല്ലു അർജുനും പുഷ്പ സംവിധായകൻ സുകുമാറും തമ്മിലുള്ള തര്‍ക്കമാണെന്നാണ് ഉയരുന്ന അഭ്യൂഹം. പുഷ്പ 2 ന്റെ ചിത്രീകരണം അകാരണമായി നീണ്ടുപോകുന്നതാണ് സുകുമാറിനെ ചൊടിപ്പിച്ചതെന്നാണ് വാർത്തകൾ. ഇതിനിടെ നടൻ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയതും, പുഷ്പയ്ക്കായി നീട്ടിവളർത്തിയ താടി വെട്ടിയൊതുക്കിയതുമൊക്കെ ഇരുവർക്കിടയിലും പ്രശ്‍നങ്ങൾ ഉടലെടുക്കാൻ കാരണമായെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ഇരുവർക്കുമിടയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ കടുത്തതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പുഷ്പ 2 അണിയറപ്രവർത്തകർ. അല്ലുവും സംവിധായകൻ സുകുമാറും തമ്മിൽ തര്‍ക്കത്തിലായിട്ടുമില്ല, പിണങ്ങിയിട്ടുമില്ല. ഇതെല്ലം തെറ്റായ വാർത്തകളാണെന്നും നിലവിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണെങ്കിലും ജൂലൈ അവസാനത്തോടെ ഇത് പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് വ്യക്തമാക്കി.

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2-വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

Leave a Reply