Spread the love

ലേലം ചെയ്തതിന് പിന്നാലെ ഗുരുവായൂരപ്പന്‍റെ ‘ഥാർ’ കൈമാറുന്നതിനെ ചൊല്ലി തർക്കം.

തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ പ്രതിനിധി പറഞ്ഞു.

അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് ‘ഥാർ’ സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.

ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ലഭിച്ചത്. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ്‌ ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി കൈമാറുകയായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply