Spread the love

സജീവമായി ഉപയോഗിക്കാത്ത (ഇനാക്ടീവ്) മൊബൈല്‍ നമ്പറുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ല. തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന് അത്തരം നമ്പറുകള്‍ വിച്ഛേദിക്കാന്‍ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും നിര്‍ദ്ദേശിച്ചു.

സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ലെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇനാക്ടീവ് ആയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഉപയോക്താക്കള്‍ അവരുടെ നമ്പറുകള്‍ മാറ്റിയാലും സജീവമായി ഉപയോഗിക്കാതിരുന്നാലും യുപിഐ അക്കൗണ്ടുകള്‍ പലപ്പോഴും സജീവമായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് ദുരുപയോഗത്തിന് കാരണമാകുന്നതായി കണ്ടെത്തി.

ഫോണ്‍ നമ്പര്‍ റീഅസൈന്‍ ചെയ്താലും തട്ടിപ്പുകാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും യുപിഐ സിസ്റ്റത്തില്‍ നിന്ന് നിഷ്‌ക്രിയ നമ്പറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.

യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഒരു മൊബൈല്‍ നമ്പര്‍ നിഷ്‌ക്രിയമായി തുടരുകയാണെങ്കില്‍ തട്ടിപ്പ് തടയുന്നതിനായി ആ ഫോണ്‍ നമ്പര്‍ യുപിഐ ലിസ്റ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടും. സമയപരിധിക്ക് മുമ്പ് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ സേവനം നിലനിര്‍ത്താനും അവസരം നല്‍കും.

ആരെയാണ് ഇത് ബാധിക്കുക?

മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും ബാങ്കില്‍ അത് അപ്ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കള്‍. ദീര്‍ഘകാലമായി കോളുകള്‍, എസ്എംഎസ് അല്ലെങ്കില്‍ ബാങ്കിങ് അലര്‍ട്ടുകള്‍ക്കായി ഉപയോഗിക്കാത്ത നിഷ്‌ക്രിയ നമ്പറുകളുള്ള ഉപയോക്താക്കള്‍. ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാതെ നമ്പര്‍ സറണ്ടര്‍ ചെയ്ത ഉപയോക്താക്കള്‍. പഴയ നമ്പര്‍ മറ്റൊരാള്‍ക്ക് വീണ്ടും അസൈന്‍ ചെയ്ത ഉപയോക്താക്കള്‍.

Leave a Reply