കോഴിക്കോട് ∙ കക്കയം ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തിൽ ജോലിക്കിടെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലാട്ടിയിൽ ഏബ്രഹാമിന്റെ പോസ്റ്റുമോർട്ടം വൈകും. പോസ്റ്റുമോർട്ടം അനുവദിക്കാനാകില്ലെന്ന നിലപാടിലാണു ബന്ധുക്കൾ. ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരല്ലെന്നും ബന്ധുക്കൾ അറിയിച്ചു.
ഏബ്രഹാമിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ഇന്നു കൈമാറുമെന്ന് ഡിഎഫ്ഒ പറഞ്ഞു. കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം വയനാട്ടിൽനിന്നു പുറപ്പെട്ടു. ഡോ. അജേഷിന്റെ നേതൃത്വത്തിലാണു സംഘം. കാട്ടുപോത്തിനെ കണ്ടെത്താൻ വനം വാച്ചർമാർ തിരച്ചിൽ നടത്തുകയാണ്. നഷ്ടപരിഹാരമായി 50 ലക്ഷം നല്‍കണമെന്നും കുടുംബത്തിലെ ഒരാൾക്ക് സര്‍ക്കാര്‍ ജോലി നല്‍കണം എന്നുമാണ് ബന്ധുക്കളുടെ ആവശ്യം. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നു കുടുംബം പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടില്ല. ചൊവ്വാഴ്ച വൈകിട്ടു മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികൾക്കായി പൊലീസ് എത്തിയെങ്കിലും ബന്ധുക്കള്‍ സഹകരിച്ചില്ല. എബ്രഹാമിന്റെ സഹോദരൻ, മകൻ, സംയുക്ത സമരസമിതി അംഗങ്ങൾ, എം.കെ.രാഘവൻ എംപി തുടങ്ങിയവരാണു കലക്‌ടറുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ കുത്തേറ്റ ഏബ്രഹാമിനെ ആദ്യം അടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. നെഞ്ചിനും വയറിനുമേറ്റ പരുക്കുകളാണു മരണകാരണം. കലക്ടർ വരാതെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിൽ ആംബുലൻസ് തടഞ്ഞതോടെ ആശുപത്രി പരിസരത്തു സംഘർഷാവസ്ഥമായി. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാമെന്ന് കലക്ടർ ഉറപ്പു നൽകിയതായി ഡിസിപി അനുജ് പലിവാൽ പറഞ്ഞതിനെ തുടർന്നാണു സമരം അവസാനിപ്പിച്ചത്.