തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിദിന റിപ്പോർട്ട് നൽകണം
തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ,മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചതായും കമ്മിറ്റി ആഴ്ചയിലൊരിക്കൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
തെരുവ് നായ ശല്യത്തെക്കുറിച്ചും സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ദിവസവും റിപ്പോർട്ട് നൽകണം. വാക്‌സിനേഷൻ പുരോഗതി,എ.ബി.സി കേന്ദ്രം സജ്ജമാക്കൽ എന്നിവയുൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ജില്ലാ കളക്ടർമാരുടേയും യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
നായകളെ ആകർഷിക്കും വിധം മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് കർശനമായി തടയാൻ ഹോട്ടൽ വ്യാപാരികൾ,അറവുശാലാ വ്യാപാരികൾ,ജനപ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിക്കും. യോഗ തീരുമാനങ്ങൾ കർശനമായി നടപ്പാകുന്നുവെന്ന് ഉറപ്പാക്കും. തെരുവ് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന നിർമാർജ്ജനം ചെയ്യാനും യോഗത്തിൽ തീരുമാനമായതായി മന്ത്രി രാജേഷ് പറഞ്ഞു.
തെരുവ് നായ പ്രശ്‌നത്തിൽ എം.എൽ.എ മാരുടെ കൂടി പങ്കാളിത്തത്തിൽ ഒരാഴ്ച്ചക്കുള്ളിൽ നിയോജകമണ്ഡലം തലത്തിൽ യോഗം കൂടി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ എം.എൽ.എമാർക്കും കത്തയച്ചിട്ടുണ്ട്.
മനുഷ്യർക്ക് തെരുവ് നായകളുടെ കടിയേറ്റത് കണക്കാക്കി സംസ്ഥാനത്തെ ആക്രമകാരികളായ തെരുവ് നായകളുള്ള സ്ഥലങ്ങളുടെ ഹോട്ട്‌സ്‌പോട്ട് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകൾക്ക് പ്രാധാന്യം നൽകിയായിരിക്കും വാക്‌സിനേഷൻ നടപടികൾ നടപ്പാക്കുക. കോവിഡും പ്രളയവും നേരിട്ടതു പോലെ സർക്കാർ നേതൃത്വം നൽകുന്ന ജനകീയ കൂട്ടായ്മയിലൂടെ തെരുവ് നായ ശല്യത്തിനും അറുതി വരുത്തുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.