നന്മയുടെ പ്രകാശം പരത്തി ദീപാവലി വന്നെത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്.തിന്‍മയ്ക്ക് മേല്‍ നന്‍മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍ 14-വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ നിധീകരിക്കുന്നതാണ് വിശ്വാസങ്ങളിലൊന്ന്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലിയെ കാണുന്നവരുണ്ട്. ജൈനമത വിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതും ദീപാവലി ദിവസമാണ്. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അതില്‍നിന്നു മഹാലക്ഷ്മി ഉയര്‍ന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് മറ്റൊരു വിശ്വാസം. അതുകൊണ്ട് ഈ ദിവസം ലക്ഷ്മീപൂജക്കും പ്രധാനമാണ്.
സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി എട്ടുമുതല്‍ പത്തുവരെ മാത്രമാണ്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെ പൊട്ടിക്കാം. ഹരിത പടക്കം മാത്രമേ ഉപയോഗിക്കാവൂ. കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും നിയന്ത്രണങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.