ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് മുൻ ജീവനക്കാർ ഇന്ന് കീഴടങ്ങിയിരുന്നു. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. പ്രതികളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തളളിയതിന് പിന്നാലെയായിരുന്നു ഇവരുടെ കീഴടങ്ങൽ. ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ഇതിന് പിന്നാലെ ദിയ കൃഷ്ണയുടേതായി വന്ന എറ്റവും പുതിയ വ്ളോഗ് വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മകൻ നിയോമിന്റെ നൂലുകെട്ടിന് മുന്നോടിയായി സ്വർണം വാങ്ങാനെത്തുന്ന വ്ളോഗിലാണ് ദിയ തട്ടിപ്പ് നടത്തിയവർക്കെതിരെ സംസാരിച്ചത്.
”ഈ വ്ളോഗ് വിനീത, ദിവ്യ, രാധാ കുമാരി എന്നിവർ കാണുന്നുണ്ടെങ്കിൽ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. എടുത്തുകൊണ്ടു പോയ പകുതി പൈസയെങ്കിലും തന്നാൽ ഇവിടുന്ന് കുറച്ച് സ്വർണം കൂടി വാങ്ങിക്കുന്നതായിരിക്കും. ആരെങ്കിലും ഈ വീഡിയോ കണ്ടാൽ ഇക്കാര്യം അവരെ അറിയിക്കേണ്ടതാണ്”, എന്നാണ് ചിരിച്ചുകൊണ്ട് ദിയ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ ദിയക്കൊപ്പം അമ്മ സിന്ധു കൃഷ്‍ണയും ഭർത്താവ് അശ്വിന്റെ അമ്മയും ഒപ്പമുണ്ട്.
“വിദേശത്ത് ചേട്ടനുള്ളവൾ മാത്രം ഇനി ബാക്കി. നിങ്ങൾ ഏറ്റുമുട്ടിയത് ശരിയായ ആൾക്കാരുമായിട്ടല്ല. നിങ്ങളോട് ഞാൻ ദയ കാണിച്ചതു കൊണ്ട്, എനിക്ക് നിങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയില്ല എന്നതിന് അർഥമില്ല” എന്നാണ് പ്രതികൾ കീഴടങ്ങിയ വാർത്ത പങ്കുവച്ച് ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.








