Spread the love

തിരുവനന്തപുരം ∙ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ കാണാതാവുകയും പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം നിലച്ച മട്ടായി. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കുട്ടിയെ ആരു തട്ടിക്കൊണ്ടുപോയി, എന്തിനു തട്ടിക്കൊണ്ടു പോയി എന്നു പൊലീസിനു നിശ്ചയമില്ല. ചാക്കയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിയ കുട്ടി 500 മീറ്റർ അകലെ റെയിൽവേ ട്രാക്കിനു അടുത്ത് പൊന്തക്കാട്ടിൽ എത്തിയതെങ്ങനെയെന്നു പോലും ശാസ്ത്രീയമായി കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

കുട്ടി സ്വയം നടന്ന് ആറടിയിലേറെ താഴ്ചയുള്ള ഓടയിൽ വീണെന്നു പോലും പ്രചാരണമുണ്ടായി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നേരിട്ടാണ് തുടക്കത്തിൽ അന്വേഷണത്തിനു നേതൃത്വം കൊടുത്തത്. പിന്നീടു സിറ്റി പൊലീസ് കമ്മിഷണറും അതിനു ശേഷം ഡിസിപിയും ശംഖുംമുഖം എസിയും നേതൃത്വം നൽകി. ഇപ്പോൾ അന്വേഷണം പേട്ട സ്റ്റേഷനിലെ എസ്എച്ച്ഒയുടെ തലയിലാണ്. അദ്ദേഹത്തിനു കഴിഞ്ഞ 3 ദിവസം ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി. ഇന്നലെ മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു വിവിഐപി ഡ്യൂട്ടി. ഇതിനിടെ എപ്പോൾ അന്വേഷിക്കുമെന്നാണു പൊലീസുകാർ സംശയിക്കുന്നത്.

തട്ടിക്കൊണ്ടുപോയവരെ കാണാതായതോടെ തങ്ങളെ സംശയമുനയിലാക്കിയെന്നാരോപിച്ച് ബന്ധുക്കൾ മുന്നോട്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. മൊബൈൽ ഫോണുകളും ടവർ ലൊക്കേഷനുമെല്ലാം പരിശോധിച്ചിരുന്നു. കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഫലം വന്നിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനാ ഫലം വരുമെന്നായിരുന്നു ശംഖുമുഖം അസി.കമ്മിഷണർ മാധ്യമങ്ങളോടു അറിയിച്ചത്. എന്നാൽ ഫലം വരാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നു ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply