മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധത്തില്‍ അലംഭാവം പാടില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ശരിയായ വിധം ധരിക്കുക, കൈകള്‍ ഇടക്കിടെ ശുചിയാക്കുക എന്നിവ അനുവര്‍ത്തിക്കണം. വിദേശത്തു നിന്നും വരുന്നവര്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണെങ്കില്‍ ഏഴ് ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം. എട്ടാം ദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയരാവണം. നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്നുള്ള ഏഴ് ദിവസങ്ങള്‍ കൂടി സ്വയം നിരീക്ഷണത്തില്‍ ഇരിക്കണം. പരിശോധനയില്‍ പോസിറ്റീവാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശനുസരണം ചികിത്സ തേടണം.
ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ ഇരിക്കണം. ഈ കാലയളവില്‍ പുറത്തിറങ്ങുവാനോ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകുവാനോ പാടില്ല. ജനുവരി മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുമെന്നതിനല്‍ ഇനിയും കോവിഡ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ വാക്സിന്‍ എടുക്കണമെന്നും ഡിഎംഒ അറിയിച്ചു.