സമൂഹത്തിൽ സൈബർ അറ്റാക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്കായി കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്റർനാഷണൽ ഹാക്കിങ് & സൈബർ സെക്യൂരിറ്റി കോൺഫറൻസ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്.
കേരളാ പൊലീസിന്റെ മുന്നറിയിപ്പുകൾ ഇങ്ങനെ:
യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക. യാത്രാവിവരങ്ങളെ സംബന്ധിച്ച കാര്യങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഫോട്ടോസഹിതം ടാഗ് ചെയ്യുന്ന ശീലം യുവാക്കളിൽ കണ്ടുവരുന്നുണ്ട്.
ഇത് പലപ്പോഴും സുരക്ഷാഭീഷണി ഉണ്ടാക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു നിർദേശം.യാത്രയ്ക്കിടയിൽ പബ്ലിക്ക്/സൗജന്യ വൈ ഫൈ ഉപയോഗിക്കാതിരിക്കുക, ഉപയോഗിക്കാത്ത പക്ഷം ബ്ലൂ ടൂത്ത് ഓഫ് ചെയ്യുക, അപരിചിതർ നൽകുന്ന ചാർജറുകളും പവർ ബാങ്കുകളും ഉപയോഗിക്കരുത് എന്നിങ്ങനെയുളള നിർദേശങ്ങളാണ് കേരളാ പൊലീസ് പങ്കുവച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെമ്പാടും ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം വ്യാപകമായി വർധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 2.7 കോടിയിലധികം പേർ ഇത്തരം തട്ടിപ്പുകളുടെ ഇരയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.