ചൊറിയാൻ തോന്നുക, ചൊറിയുക, അവിടെ വൃണമാവുക, അത് പൊട്ടിയൊലിക്കുക.. ചൊറിച്ചിൽ എന്ന് കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും അതിന്റെ കാരണങ്ങളും പ്രത്യാഘാതവും ചില്ലറയല്ല. ഒരു ചൊറിയും നാം നിസാരമായി കാണരുത്. കാരണം കണ്ടെത്തി ചികിത്സ തേടുക തന്നെ വേണം. ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.
ചർമ്മത്തിലോ, പ്രത്യേക ശരീരഭാഗങ്ങളിലോ ചൊറി അനുഭവപ്പെടാം. രാത്രികാലങ്ങളിൽ ഇവ കൂടുതലാവുകയും ചെയ്യും. ഒട്ടുമിക്ക ചൊറികളുടെയും കാരണം ഗൗരവമുള്ളതാകണമെന്നില്ല. എന്നാൽ ചിലത് അടിയന്തരമായി ചികിത്സിക്കേണ്ടതാണുതാനും. എന്തുകൊണ്ടെന്നാൽ ചൊറിച്ചിലിനുള്ള കാരണങ്ങൾ ഇതെല്ലാമായിരിക്കാം..
വൃക്ക തകരാർ
കരൾ രോഗം
തൈറോയ്ഡ്
ലിംഫോമ
പ്രമേഹം
വരണ്ട ചർമ്മം, അലർജി, പ്രാണികളുടെ ആക്രമണം എന്നിവ കാരണവും ചൊറിച്ചിൽ അനുഭവപ്പെടാം. ചിലരിൽ ഗുരുതരമായ ചർമ്മരോഗങ്ങളാകാം കാരണം. ഉദാഹരണത്തിന് Dermatitis, Eczema, Psoriasis എന്നിവ. ചില രോഗങ്ങൾ പിടിപെടുമ്പോഴും ചൊറിച്ചിൽ അനുഭവപ്പെടാം. ചിക്കൻപോക്സ്, അഞ്ചാംപനി, ഫംഗസ് റാഷസ്, എച്ച്ഐവി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ചില പ്രത്യേകതയിനം സസ്യങ്ങൾ, പ്രാണികൾ എന്നിവയുടെ സാന്നിധ്യവും ചൊറിച്ചിലുണ്ടാകും. കൊതുക് വന്നിരിക്കുമ്പോഴോ, കടിക്കുമ്പോഴോ ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇതിനുദാഹരമാണ്. ചില വ്യക്തികൾക്ക് പ്രത്യേക വസ്തുക്കളോടോ ഉത്പന്നങ്ങളോടോ അലർജി ഉണ്ടാകാം. ഇതിന്റെ ഭാഗമായി ചൊറിച്ചിലുണ്ടാവുകയും ചെയ്യും. പഞ്ഞി, പെർഫ്യൂം, സോപ്പുകൾ, കെമിക്കലുകൾ, ആഹാരപദാർത്ഥങ്ങൾ എന്നിവയോട് അലർജിയുള്ളവർക്ക് ആദ്യം കാണിക്കുന്ന ലക്ഷണം ചൊറിച്ചിൽ ആകാം. ഗർഭാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ സ്ത്രീകളിലും കഠിനമായ ചൊറിച്ചിലുണ്ടാകാറുണ്ട്. വയറിലാണ് ഇവ കൂടുതലായും അനുഭവപ്പെടുക.
എന്തുതരം ചൊറിച്ചിൽ ആണെങ്കിലും തുടർച്ചയായി ദിവസങ്ങളോളം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. ഗുരുതര പ്രശ്നമില്ലെന്ന് ഉറപ്പുവരുത്താൻ മടി കാണിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.