Spread the love

” കൃത്യമായി ഉറങ്ങാൻ സാധിക്കുന്നില്ല. ഒരു സമയം കഴിയുമ്പോൾ പെട്ടന്ന് ഉണരുകയാണ്.” ഇത്തരത്തിൽ ഉറക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ പലരും പറയുന്നത് നാം കേട്ടിരിക്കും. മിക്ക ആളുകളും പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് ഉണരുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതിന് പിന്നിലെ കാരണങ്ങളും ആരോഗ്യ വിദഗ്ധർ വിശദീകരിക്കുന്നുണ്ട്. അറിയാം..

രക്തത്തിലെ പഞ്ചസാരയുടെ അളവും ഹോർമോൺ വ്യതിയാനവും

രക്തത്തിലെ പഞ്ചസാരയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഉറക്കത്തിൽ നിന്ന് പെട്ടന്ന് ഉണരുന്നതിന് പിന്നിലെ ഒരു കാരണം. പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറിച്ചിലുകളുണ്ടാവുമ്പോൾ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങി സമ്മർദ്ദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ പുറപ്പെടുവിക്കാൻ കാരണമാകും. ഇത് ഉറക്കത്തെ തടസപ്പെടുത്തുന്നു. ശരീരത്തിലെ വിവിധ ഹോർമോണുകളിൽ വരുന്ന വ്യതിയാനങ്ങളും ഉറക്കം തടസപ്പെടുത്തുന്നതിന് കാരണമാകും.

ഉറങ്ങുന്നതിന് മുമ്പായി ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ദഹനം എളുപ്പത്തിലാക്കുന്ന ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

കോർട്ടിസോളിന്റെ ഉയർന്ന അളവ്

സ്‌ട്രെസ് ഹോർമോൺ എന്നാണ് പൊതുവെ കോർട്ടിസോൾ അറിയപ്പെടുന്നത്. ജോലി സമ്മർദ്ദം, പഠന സംബന്ധമായ സമ്മർദ്ദം, മറ്റ് പ്രശ്‌നങ്ങൾ തുടങ്ങിയവ അനുഭവിക്കുന്ന ഭൂരിഭാഗം ആളുകളിലും കോർട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും. കോർട്ടിസോളിന്റെ അളവ് കൂടുന്തോറും ഉന്മേഷം കുറയുകയും നെഞ്ചിടിപ്പ് വർദ്ധിക്കുകയും ചെയ്യുന്നു. ഇത് ഉറക്കം തടസപ്പെടുത്തുന്നു. കൃത്യമായുള്ള വ്യായാമം ഒരു പരിധി വരെ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു.

വാർദ്ധക്യങ്ങളിലെ ഹോർമോൺ വ്യതിയാനം

വാർദ്ധ്യം മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും അർദ്ധരാത്രികളിൽ ഉറക്കമുണരുന്നതിന് കാരണമാകുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിന്റെ ഉത്പാദനം പ്രായമാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നത് കുറയുകയും ഇതുമൂലം ഉറക്കം തടസപ്പെടുകയും ചെയ്യുന്നു. ആർത്തവവിരാമത്തോട് അടുക്കുന്ന ആളുകളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.

Leave a Reply