തലവേദന ഉണ്ടാകാൻ സാധാരണയായി നിരവധി കാരണങ്ങളുണ്ട്. ഉറക്ക കുറവ്, വിശ്രമമില്ലാത്ത ജോലി, യാത്ര, സമ്മർദ്ദം, ഉദരസംബന്ധമായ അസുഖങ്ങൾ ഇവയൊക്കെയും തലവേദന വരാനുള്ള കാരണങ്ങളാണ്. ചിലർക്ക് തലയുടെ ഒരു വശത്ത് മാത്രം വേദന ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.തലയുടെ ഏതെങ്കിലും ഒരു വശത്ത് മാത്രമാണ് വേദന ഉണ്ടാകുന്നതെങ്കിൽ നാഡികളെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളെന്നാണ് വിദഗ്ദർ പറയുന്നത്. പ്രധാനമായും മൂന്ന് തരത്തിലാണ് വേദന ഉണ്ടാകുന്നത്. ആദ്യത്തേത് തലയിലേക്ക് കുത്തിക്കയറുന്നതുപോലൊരു വേദനയാണ്. ഇത് സ്‌പൈനല്‍ കോര്‍ഡിന്റെ മുകള്‍ഭാഗത്തിനും തലയോട്ടിക്കും ഇടയ്‌ക്കുള്ള നാഡികളിൽ നിന്നാണ് ഉണ്ടാകുന്നത്. ‘ഓസിപിറ്റല്‍ ന്യൂറാള്‍ജിയ’ എന്നാണ് ഇതിനെ പറയുന്നത്.
രണ്ടാമത്തേത് ‘ടെംപൊറൽ ആര്‍ടെറൈറ്റിസ്’. ഇത് തലയുടെയും കഴുത്തിലേയും ധമനികളിലുണ്ടാകുന്ന പ്രശ്‌നത്തെത്തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്ന അവസ്ഥയാണ്. തലയുടെ ഏതെങ്കിലും ഒരു വശത്തായി അനുഭവപ്പെടുന്ന വേദനയ്‌ക്കൊപ്പം പേശീവേദന, ക്ഷീണം, കീഴ്‌ത്താടിയില്‍ വേദന എന്നിവയും ഈ അവസ്ഥയിലുള്ളവർക്ക് അനുഭവപ്പെടാം.മൂന്നാമത്തേത് ‘ട്രൈജെമിനല്‍ ന്യൂറാള്‍ജിയ’. ഇത് മുഖത്തിന്റെ പ്രവർത്തനങ്ങളെ തലയുമായി ഏകോപിപ്പിക്കുന്ന ഞരമ്പിനുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഈ ഞരമ്പുകൾക്ക് പ്രശ്നം സംഭവിച്ചാൽ തലയുടെ ഒരു വശത്തും മുഖത്തും വേദനയുണ്ടാകും.
തലയുടെ ഒരു ഭാഗത്ത് വേദന ഉണ്ടായാൽ, ഇവയൊക്കെയും ഒരു സാധ്യത മാത്രമാണ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തലവേദന ഉണ്ടായാൽ, ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.