വീട്ടിൽ എത്രയൊക്കെ സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാലും പലരുടെയും ദുശ്ശീലമാണ് അലക്ഷ്യമായി ഫ്രിഡ്ജിനു മുകളിൽ സാധനങ്ങൾ സൂക്ഷിക്കുക എന്നത്. പലപ്പോഴും ഇത് വലിയ അപകടങ്ങൾക്കും ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾക്കും ഇത് കാരണമാകും. ഫ്രിഡ്ജിനു മുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
വൈൻ, ആൽക്കഹോൾ
വൈൻ അല്ലെങ്കിൽ മദ്യം ഫ്രിഡ്ജിന് മുകളിൽ വയ്ക്കാൻ പാടില്ല. കാരണം ഫ്രിഡ്ജിന് മുകളിൽ താപനില മാറിക്കൊണ്ടേയിരിക്കും. ഇത് മദ്യത്തിന്റെ ഗുണമേന്മയും രുചിയും നഷ്ടപ്പെടാൻ കാരണമാകുന്നു.
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എണ്ണ. എന്ത് പാചകം ചെയ്യുമ്പോഴും എണ്ണ അത്യാവശ്യമാണ്. അമിതമായി ചൂട് ഉണ്ടാവുകയോ വെളിച്ചമടിക്കുകയോ ചെയ്താൽ എണ്ണ കേടായിപ്പോകാൻ കാരണമാകുന്നു. ഫ്രിഡ്ജിന് മുകളിൽ ചൂട് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ എണ്ണ അവിടെ സൂക്ഷിക്കരുത്.
വായു സഞ്ചാരത്തെ തടയുന്ന വസ്തുക്കൾ
ആവശ്യമായ രീതിയിൽ ഫ്രിഡ്‌ജിനുള്ളിൽ വായു സഞ്ചാരമില്ലെങ്കിൽ അതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ എളുപ്പത്തിൽ കേടായിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വായു സഞ്ചാരത്തെ തടയുന്ന ഒരു വസ്തുക്കളും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. എപ്പോഴും വൃത്തിയായി കിടക്കേണ്ട ഇടമാണ് ഫ്രിഡ്ജിന്റെ മുകൾ ഭാഗം.
ധാന്യങ്ങൾ
ഫ്രിഡ്ജിന് മുകളിൽ എപ്പോഴും ചൂട് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഫ്രിഡ്ജിന് മുകളിൽ ധാന്യങ്ങൾ സൂക്ഷിക്കാൻ പാടില്ല. ചൂടേറ്റാൽ ധാന്യങ്ങൾ എളുപ്പത്തിൽ കേടുവരാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഫ്രിഡ്ജിന് മുകളിൽ ധാന്യങ്ങൾ സൂക്ഷിക്കാതിരിക്കാം.
ക്ലീനറുകൾ വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ കുട്ടികളിൽ നിന്നും സുരക്ഷിതമായി മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ അത് ഫ്രിഡ്ജിന് മുകളിൽ വയ്ക്കുന്നത് നല്ല പ്രവണതയല്ല. നല്ല വായു സഞ്ചാരമുള്ള ചൂടേൽക്കാത്ത സ്ഥലങ്ങളിലാണ് ക്ലീനറുകൾ സൂക്ഷിക്കേണ്ടത്.
പെട്ടെന്ന് കേടാകുന്ന ഭക്ഷണങ്ങൾ
പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. ഫ്രിഡ്ജിന്റെ അകത്തുള്ളതിനേക്കാളും പുറത്ത് താപനില മാറിക്കൊണ്ടേയിരിക്കും. കാരണം ഫ്രിഡ്ജിന്റെ കൂളിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ഫ്രിഡ്ജിന്റെ അടിഭാഗത്തോ പിൻഭാഗത്തോ ആയിരിക്കും. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ മുകൾ ഭാഗത്ത് എപ്പോഴും ചൂടുണ്ടാവാൻ സാധ്യതയുണ്ട്. പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ ഇവിടെ സൂക്ഷിച്ചാൽ ചൂടേറ്റ് ബാക്റ്റീരിയകൾ പെരുകുകയും ഭക്ഷണം കേടായിപ്പോവുകയും ചെയ്യുന്നു.