ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാജമൗലി – മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി എടുക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ‘SSMB29’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക.
ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ്. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുകയെന്നും ഹോളിവുഡില്‍ നിന്ന് വലിയൊരു പ്രൊഡക്ഷന്‍ കമ്പനി ചിത്രത്തിന്റെ നിര്‍മാണപങ്കാളിയാകുമെന്നും ഭരദ്വാജ് അറിയിച്ചു.
‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നുകൊണ്ടിരിക്കുകയാണ്. ആര്‍ ആര്‍ ആര്‍ കൊണ്ടൊന്നും രാജമൗലി നിര്‍ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.
അതേസമയം, കരിയറില്‍ ഇന്നേവരെ ഒരു സിനിമ പോലും 300 കോടി കളക്ട് ചെയ്യാത്ത മഹേഷ് ബാബുവിനെ വെച്ച് ഇത്രയും വലിയ റിസ്‌ക് രാജമൗലി എടുക്കുന്നതിനെക്കുറിച്ച് കടുത്ത ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 2020ല്‍ റിലീസ് ചെയ്ത സരിലേരു നീക്കെവ്വരു ആണ് മഹേഷ് ബാബുവിന്റെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം. 207 കോടിയാണ് ചിത്രം നേടിയത്.