Spread the love

പോത്തൻകോട് ∙ ‘കുഞ്ഞിനെ അവസാനമായൊന്നു കാണണോ’ – പൊലീസിന്റെ ചോദ്യം. ‘എന്റെ ഭർത്താവും നാട്ടുകാരും വിവരം അറിഞ്ഞോ. ഇല്ലെങ്കിൽ കാണണം, അറിഞ്ഞിട്ടുണ്ടെങ്കിൽ വേണ്ട’…..മഞ്ഞമല അടപ്പിനകത്തു ക്ഷേത്രത്തിനു സമീപം കുറവൻവിളാകത്തു വീട്ടിൽ 36 ദിവസം മാത്രം പ്രായമുള്ള കുരുന്നിനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ സുരിത ഭാവഭേദമില്ലാതെയാണ് പൊലീസിനോട് വിവരങ്ങൾ അറിയിച്ചത്. ‘കുട്ടിക്ക് ജനിച്ചപ്പോഴേ അസുഖം ഉണ്ട്. ഭർത്താവിന് സ്വന്തമായി വീടില്ല. സാമ്പത്തിക ബാധ്യതയുമുണ്ട്. മൂത്തമകനെ മാത്രം മതിയെന്നു നിശ്ചയിച്ചത് അതു കൊണ്ടാണ്.

ദിവസങ്ങളായുള്ള തീരുമാനമാണ് നടപ്പാക്കിയതെന്നും എങ്ങനെ വേണമെന്ന കാര്യത്തിൽ മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ’ എന്നും സുരിത പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്ത ശേഷമായിരുന്നു സുരിതയെ തെളിവെടുപ്പിന് കൊണ്ടു വന്നത്. അതിനു മുൻപ് ഭർത്താവ് സജി മൂത്ത മകൻ ശ്രീരാജിനെയും കൂട്ടി പണിമൂലയിലെ താമസ സ്ഥലത്തേക്ക് മാറിയിരുന്നു.

നൂലുകെട്ടു ചടങ്ങിന് 4 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പിഞ്ചുകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സജി –സുരിത ദമ്പതികളുടെ മകൻ 36 ദിവസം പ്രായമായ ശ്രീദേവാണ് മരിച്ചത്. പോത്തൻകോട് മഞ്ഞമല അടപ്പിനകത്തു ക്ഷേത്രത്തിനു സമീപം കുറവൻവിളാകത്തു വീട്ടിൽ സുരിതയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ സുരിത കിണറ്റിലേക്കു വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കുഞ്ഞിനെ കിണറ്റിലെറി‍ഞ്ഞതെന്നു സുരിത പൊലീസിനോടു പറഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

കട്ടിലിൽ സുരിതയോടൊപ്പമാണ് മൂത്തമകൻ ശ്രീരാജും ശ്രീദേവും കിടന്നത്. സുരിതയുടെ അമ്മ ഗിരിജ അതേ മുറിയിൽ നിലത്താണു കിടന്നിരുന്നത് . രാത്രി കുഞ്ഞ് കരഞ്ഞപ്പോൾ പാലു കൊടുക്കാൻ പറഞ്ഞ ശേഷം ഗിരിജ വീണ്ടും ഉറങ്ങി. തുടർന്ന് സുരിത പുറത്തിറങ്ങി വീടിനു പിറകു വശത്ത് രണ്ടാൾപ്പൊക്കം വെള്ളമുള്ള കിണറ്റിലേക്ക് കുഞ്ഞിനെ എടുത്തിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടു മണിയോടെ അമ്മ ഗിരിജയെ വിളിച്ചുണർത്തി കുഞ്ഞിനെ കാണുന്നില്ലെന്ന് പറഞ്ഞു. ഇവരുടെ നിലവിളി കേട്ട് സമീപത്തു താമസിക്കുന്ന സുരിതയുടെ സഹോദരിയും അച്ഛനും ബന്ധുക്കളും എത്തി. പണിമൂലയിൽ വാടക വീട്ടിലായിരുന്ന ഭർത്താവ് സജിയും പൊലീസും എത്തി. അന്വേഷണത്തിനിടെ ഗിരിജയാണ് കിണറിന്റെ കൈവരിയിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി കണ്ടെത്തിയത് . അഗ്നിരക്ഷാ സേനാംഗങ്ങളെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. പിന്നീട് സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോ‍ർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടിൽ മറവു ചെയ്തു. സജി–സുരിത ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശ്രീദേവ്.

Leave a Reply