Spread the love

മതപരമായ സ്വത്വത്തിന്റെ പേരിൽ മുസ്‌ലിം രോഗിക്ക് ചികിത്സ നിഷേധിച്ച് മധ്യപ്രദേശിലെ ഡോക്ടർ. കാലുവേദനയെ തുടർന്ന് ഡോക്ടറുടെ അപ്പോയിന്മെന്റ് എടുക്കാൻ ശ്രമിച്ച രോഗി മുസ്‌ലിം ആണെന്ന് അറിഞ്ഞതോടെയായിരുന്നു ഡോക്ടറുടെ നടപടി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മധ്യപ്രദേശ് സ്വദേശി ഡോ. നേഹ അറോറ വർമയുടേതാണ് നടപടി.

ഡോക്ടർ തന്നെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘അവർക്ക് മതത്തിന്റെ പേരിൽ ആളുകളെ കൊല്ലാൻ പറ്റുമെങ്കിൽ ഞങ്ങൾ മതത്തിന്റെ പേരിൽ അവർക്ക് ചികിത്സ നിഷേധിക്കും’ എന്ന കുറിപ്പോടെ രോഗിക്ക് ചികിത്സ നൽകില്ലെന്ന് പറയുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ട് ഡോക്ടർ പങ്കുവെക്കുകയായിരുന്നു.

‘സ്‌പൈൻ സ്‌പെഷ്യലിസ്റ്റ്, യുകെ, പിസിഒഡി റിവേഴ്‌സൽ എക്‌സ്‌പെർട്ട്, ഇന്റിമേറ്റ് വുമൺ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ്, കോസ്‌മെറ്റിക് അക്യുപങ്‌ചറിസ്റ്റ്’ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ അറിയപ്പെടുന്ന ഡോക്ടർ അറോറക്ക് ഇൻസ്റ്റാഗ്രാമിൽ 52.6k ഫോളോവെഴ്‌സും ഫേസ്ബുക്കിൽ 12k ഫോളോവേഴ്‌സും ഉണ്ട്.

തന്റെ കാൽമുട്ട് വേദനക്ക് വേണ്ടി അപ്പോയിന്മെന്റ് എടുക്കാൻ ശ്രമിക്കുന്ന രോഗിയോട് ഡോക്ടർ പേര് ചോദിക്കുന്നത് സ്ക്രീൻഷോട്ടിൽ കാണാം. മിസ്സിസ് ഫറാ ഹുസൈൻ എന്ന് രോഗി പേര് പറയുമ്പോൾ ക്ഷമിക്കണം നിങ്ങൾക്ക് ഇവിടെ ചികിത്സ നല്കാൻ കഴിയില്ലെന്നും മറ്റെവിടെയെങ്കിലും അന്വേഷിക്കാനുമായിരുന്നു ഡോക്ടർ മറുപടി നൽകിയത്. സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്ത് പിന്നാലെ താന്നെ അറോറ അവ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

‘ക്ഷമിക്കണം, ഇനി ഞങ്ങളുടെ സെന്ററിൽ ഒരു മുസ്‌ലിം രോഗിയെയും ഞങ്ങൾ എടുക്കുന്നില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിലും നല്ല ഒരാളെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ അറോറ പറഞ്ഞു.

അതേസമയം രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ ഏഴ് മാസം ഗർഭിണിയായ ഒരു മുസ്‌ലിം യുവതിയെ അവരുടെ ഡോക്ടർ അപമാനിക്കുകയും മതത്തിന്റെ പേരിൽ വൈദ്യസഹായം നിഷേധിക്കുകയും ചെയ്തതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ദീർഘകാലമായി യുവതി ഈ ഡോക്ടറുടെ അടുത്തായിരുന്നു ചികിത്സ തേടിയിരുന്നത്.ചികിത്സക്കായി ഒരു പള്ളിയിലോ മദ്രസയിലോ പോകാൻ ഡോക്ടർ യുവതിയോട് പറഞ്ഞു. കൂടാതെ യുവതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.സംഭവത്തിൽ വിമർശനവുമായി നിരവധി ആരോഗ്യപ്രവർത്തകർ എത്തിയിരുന്നു. മതത്തിന്റെയോ രോഗിയുടെ പശ്ചാത്തലമോ നോക്കി ഒരു രോഗിയോടും വിവേചനം കാണിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബംഗാൾ ഘടകം എല്ലാ ഡോക്ടർമാരോടും അഭ്യർത്ഥിച്ചു.

‘രോഗിയോ കുടുംബമോ ഡോക്ടറെ അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ അടിയന്തര സാഹചര്യമില്ലാത്ത രോഗിയെ ചികിത്സിക്കാതിരിക്കാൻ ഒരു ഡോക്ടർക്ക് അവകാശമുള്ളൂ. അതേ രോഗിക്ക് അടിയന്തര സാഹചര്യമുണ്ടെങ്കിൽ, ഡോക്ടർമാർ അവരുടെ കടമ നിർവഹിക്കണം. എന്നാൽ മതമോ പശ്ചാത്തലമോ കാരണം ഒരാൾക്ക് ചികിത്സ നിരസിക്കുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല,’ കൊൽക്കത്തയിലെ മറ്റൊരു ഡോക്ടർ പറഞ്ഞു.

Leave a Reply