സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 മുതൽ അനിശ്ചിതകാല നിൽപ് സമരം പുനരാരംഭിക്കും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ ആണ് സമരം. നവംബർ ഒന്ന് മുതൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച നിൽപ്പ് സമരം സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ശമ്പള പരിഷ്കരണം വന്നപ്പോൾ ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചു എന്നും ഡോക്ടർമാർ ആരോപിക്കുന്നു. കാര്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാതായതോടെയാണ് സമരം. രോഗീപരിചരണത്തെ ബാധിക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ – ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകും.