ആലുവ∙ ആലുവ–പെരുമ്പാവൂർ റൂട്ടിൽ കുട്ടമശേരി ആനിക്കാട് കവലയിൽ ഓട്ടോയിൽനിന്നു തെറിച്ചു വീണ ഏഴു വയസ്സുകാരന്റെ ദേഹത്തുകൂടി കാർ കയറിയിറങ്ങിയ അപകടത്തിൽ, നിർണായകമായത് ഡോക്ടർമാരുടെ ഇടപെടൽ. പിതാവ് ഓടിച്ച ഓട്ടോയിൽനിന്ന് വീണ കുട്ടിയെ കാറിടിച്ച വിവരം ആദ്യം അറിഞ്ഞിരുന്നില്ല. റോഡിൽ വീണാൽ ഇത്രയും പരുക്കുണ്ടാവില്ലെന്നു ഡോക്ടർമാർ പറഞ്ഞതനുസരിച്ചു പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാർ ദേഹത്തു കയറിയിറങ്ങിയെന്നു വ്യക്തമായത്.
പിന്നീട് സിസിടിവിയിൽ നിന്നു ലഭിച്ച അവ്യക്തമായ കാർ നമ്പറുമായി പൊലീസ് നടത്തിയ നീണ്ട തിരിച്ചിലിലാണ് ഇടപ്പള്ളി ഭാഗത്തു നിന്നു കാർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എടത്തല നൊച്ചിമ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ നിഷികാന്ത് പി.നായർക്കാണ് സംഭവത്തിൽ ഗുരുതര പരുക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു വാഴക്കുളത്തെ വീട്ടിലേക്കു പിതാവ് പ്രജിത്ത് ഓടിക്കുന്ന ഓട്ടോയിൽ പിൻസീറ്റിലിരുന്നു സഞ്ചരിക്കുകയായിരുന്നു നിഷികാന്തും സഹോദരിയും. യാത്രയ്ക്കിടെ ഓട്ടോയിൽ നിന്നു റോഡിൽ തെറിച്ചു വീണ നിഷികാന്തിന്റെ ദേഹത്തു കൂടി കാർ കയറിയിറങ്ങി. ആന്തരാവയവങ്ങൾക്കു ഗുരുതരമായ ക്ഷതമേറ്റ നിഷികാന്ത് രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് പിടികൂടിയിരുന്നു. കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാർ ഓടിച്ചിരുന്ന അങ്കമാലി മേക്കാട് ഷാൻ നിവാസിൽ ഷാൻ (42), കാറിന്റെ ആർസി ഉടമ തൃക്കാക്കര നോർത്ത് പള്ളിലാംകര പേഴുങ്ങൽ എം.പി. രഞ്ജിനി (46) എന്നിവരാണ് അറസ്റ്റിലായത്. അപകടസമയത്ത് രഞ്ജിനിയും കാറിൽ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും വ്യത്യസ്ത മൊഴികളാണ് നൽകിയതെന്നു പൊലീസ് അറിയിച്ചു.