പോലീസ് വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം. ഇതേതു സിനിമയിലെ ഗെറ്റപ്പ് എന്നതൊന്നുമല്ല പക്ഷേ ചർച്ചാവിഷയം ചിത്രത്തിൽ വളരെ മെലിഞ്ഞ് അവശനായി കാണപ്പെടുന്ന നടന് എന്തെങ്കിലും രോഗമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയതോടെ ഫോട്ടോയ്ക്ക് താഴെ പലരും താരത്തെ മാരകമായ എന്തോ രോഗം ബാധിച്ചു എന്ന തരത്തിൽ നിഗമനങ്ങളും അഭ്യൂഹങ്ങളുമായി എത്തുന്നുണ്ട്. എന്നാൽ വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഷെബി ചൗഘട്ട്
‘‘അലൻസിയറുടെ രൂപമാറ്റം ആണല്ലോ ഇപ്പോൾ ചർച്ച. കുറച്ച് നാൾ മുൻപാണ് എന്റെ പുതിയ ചിത്രത്തിലെ ഒരു വേഷം ചെയ്യാൻ അലൻസിയറിനെ സമീപിച്ചത്. അന്ന് അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നു. തിരികെ പോകുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് തമാശയ്ക്ക് കഥാപാത്രത്തിന് വേണ്ടി വണ്ണം കുറയ്ക്കണം എന്ന് പറഞ്ഞിരുന്നു. അദ്ദേഹം അതിന് മറുപടി ആയി ചിരിക്കുക മാത്രമാണ് ചെയ്തത്. മെലിയാനായി കുറച്ച് ടിപ്സും ഞാൻ പറഞ്ഞു കൊടുത്തു. പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് ‘വേറെ ഒരു കേസ്’ എന്ന എന്റെ ചിത്രത്തിന്റെ ലൊക്കേഷനിലാണ്.
പൊലീസ് യൂണിഫോമിന്റെ അളവെടുക്കാൻ പോയ കോസ്റ്റ്യൂമർ അലൻസിയർ ഒരുപാട് മെലിഞ്ഞു എന്ന് പറഞ്ഞിരുന്നെങ്കിലും നേരിട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഷുഗർ സംബന്ധമായ അസുഖമോ മറ്റോ ആണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഒരു ചിരിയോടെ ഷെബിയുടെ പടത്തിന് വേണ്ടി ഡയറ്റിങ്ങിൽ ആയിരുന്നു എന്നദ്ദേഹം മറുപടി നൽകി.
ഷൂട്ടിങ് ദിവസം അർദ്ധരാത്രി വരെയും യാതൊരു ക്ഷീണമോ മടുപ്പോ കാണിക്കാതെ ഊർജ്ജസ്വലനായ അലൻസിയറെ ആണ് ഞാനവിടെ കണ്ടത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഡബ്ബിങ് സമയത്തും അദ്ദേഹം പൂർണ ആരോഗ്യവാനായാണ് എത്തിയത്. ഇനിയും അങ്ങനെ തന്നെ തുടരട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. ഒപ്പം ഭാവനയിൽ മെനഞ്ഞ ഓരോ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതേ എന്നൊരു അപേക്ഷയും.’’–ഷെബി ചൗഘട്ടിന്റെ വാക്കുകൾ.








