കൊളസ്‌ട്രോൾ ഇന്ന് ഒട്ടുമിക്ക മലയാളികളുടെയും ജീവിതശൈലിരോഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. നിരന്തരം മരുന്നുകൾ കഴിച്ചാലും ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാലും വ്യായാമങ്ങൾ ചെയ്താലുമെല്ലാം പലരിലും കൊളസ്‌ട്രോളിന്റെ അളവിൽ കാര്യമായ മാറ്റങ്ങൾ വരാറില്ല. ഇത് കാരണം ഹൃദ്രോഗമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വേറെയും. എന്നാൽ ഉയർന്ന കൊളസ്ട്രോളിനെ പിടിച്ചുകെട്ടാനുള്ള പ്രകൃതിദത്തമായ മരുന്ന് നമുക്ക് ചുറ്റുമുള്ള ചില ചെടികളിലും ഇലകളിലും തന്നെയുണ്ട്. ഇതിൽ ഒന്നാമനാണ് മല്ലിയില.
കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കും പുരാതനകാലം മുതൽ ഉപയോഗിച്ചിരുന്ന ഔഷധം കൂടിയാണ് മല്ലി. പാചകത്തിന് മല്ലിയിലയും വിത്തും ഒരുപോലെ ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
മല്ലിയില വെള്ളം കുടിക്കുന്നത് ഉയർന്ന കൊളസ്‌ട്രോൾ കുറയാൻ ഉത്തമ പ്രതിവിധിയാണ്. കുടലിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതിനെ തടയാൻ കഴിയുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോസ്റ്റെറോളുകൾ മല്ലിയിലയിൽ നിറഞ്ഞിരിക്കുന്നു. ഹൃദ്രോഗം തടയാനും ഇത് സഹായിക്കും. അസിഡിറ്റി, തൈറോയ്ഡ്, മൈഗ്രെയ്ൻ എന്നിവ ഒഴിവാക്കാനും മല്ലിയിലവെള്ളം കുടിക്കുന്നത് നല്ലതാണ്.
മല്ലിയില വെള്ളം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. ഒരു പിടി മല്ലിയില എടുത്ത് 500 മില്ലി വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക, എന്നിട്ട് അത് ചെറുചൂടുള്ളപ്പോൾ അരിച്ചെടുത്ത് കുടിക്കുക. രാവിലെ വെറും വയറ്റിലോ, ഭക്ഷണത്തിന് 45 മിനിറ്റ് മുമ്പോ ശേഷമോ മല്ലിയില വെള്ളം കുടിക്കുന്നതാണ് നല്ലത്.
കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനും, കാഴ്ച ശക്തി മെച്ചപ്പെടുത്തുവാനും, അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്താനുമെല്ലാം മല്ലിയില വെള്ളം കുടിക്കുന്നത് നല്ലതാണ്.