Spread the love

കഴിഞ്ഞ കുറച്ച് ദിവസമായി നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് നടനുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്

മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുകയാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂര്‍ത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുകയാണ് ഈ മൾട്ടിസ്റ്റാർ ഫിലിമിലൂടെ. താൽക്കാലികമായി എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്.

Leave a Reply