സിനിമ രംഗത്ത് നടക്കുന്ന വിവിധ പ്രതിസന്ധികൾക്ക് പുറമേ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കും അഭിനേതാക്കൾ എത്തുന്നില്ലെന്ന പരാതി വ്യാപകം. കഴിഞ്ഞദിവസം യുവ നടി അനശ്വര രാജനെതിരെ മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ സംവിധായകൻ രംഗത്തെത്തിയിരുന്നു. തന്റെ സിനിമയിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത യുവനടി താൻ അങ്ങേയറ്റം അഭ്യർത്ഥിച്ചിട്ടും പ്രമോഷൻ കാര്യങ്ങൾ ചെയ്യാൻ കൂട്ടാക്കുന്നില്ല എന്നായിരുന്നു സംവിധായകന്റെ ആരോപണം. ഇതേത്തുടർന്ന് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത ഇന്ദ്രജിത്ത് സുകുമാരൻ നടിയെ വിളിച്ച് പ്രമോഷന് സഹകരിക്കണമെന്ന് പറയേണ്ട അവസ്ഥ ഉണ്ടായി എന്നും എന്ന ചിത്രത്തിന്റെ സംവിധായകൻ പറയുന്നു. ഇതിനുപിന്നാലെ ഇപ്പോൾ മറ്റൊരു നടിക്കെതിരെയും ആരോപണം ഉയർന്നിരിക്കുകയാണ്. ‘നാൻസി റാണി’ എന്ന സിനിമയുടെ പ്രമോഷന് പങ്കെടുക്കാതെ നടി അഹാന കൃഷ്ണ മാറി നിന്നതാണ് പുതിയ വിഷയം.
ഇന്നലെ കൊച്ചിയിൽ വച്ച് നടന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ അഹാന പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറയുകയായിരുന്നു.
“അഹാന നല്ലൊരു നടിയാണ്. എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല”, എന്നായിരുന്നു നൈന പറഞ്ഞത്.