കോട്ടയം : കുമാരനല്ലൂരിൽ നായ വളർത്തൽ കേന്ദ്രത്തിൽ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. ഇന്നലെ അർധരാത്രിക്ക് ശേഷമായിരുന്നു പരിശോധന. നായ്ക്കളെ അഴിച്ചു വിട്ട് പ്രതി റോബിൻ സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇയാളെ പിടികൂടാനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. കാക്കി വസ്ത്രം കണ്ടാൽ കടിക്കുകയും, ദേഷ്യമുണ്ടാകുന്ന വിധത്തിലുമാണ് നായ്ക്കളെ ഇയാൾ പരിശീലിപ്പിച്ചിരുന്നതെന്ന വിവരം ലഭ്യമായിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ ഇവിടെ കഞ്ചാവ് വിൽപന നടത്തുന്നതായി നേരത്തെതന്നെ പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ നായയെ തുറന്നുവിടുന്നതിനാൽ പലപ്പോഴും പൊലീസിന് പരിശോധന നടത്താൻ സാധിച്ചിരുന്നില്ല. അതേസമയം റോബിൻ പ്രദേശവാസി അല്ലെന്നും തങ്ങളുമായി അടുപ്പമില്ലെന്നും നാട്ടുകാർ പ്രതികരിച്ചു. നായ്ക്കളുടെ പരിശീലനത്തിനൊപ്പം ഇവയുടെ ഡേ കെയർ സംവിധാനവും ഇയാൾ നടത്തിയിരുന്നു. ദിവസം ആയിരം രൂപയാണ് ഇതിനായി ഈടാക്കിയിരുന്നത്.