പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഫ്രാഞ്ചൈസിയിലെ ഈ ചിത്രം നിലവിൽ ബുക്കിംഗ് റെക്കോർഡുകളെ എല്ലാം മറികടന്നിരിക്കുകയാണ്. മലയാളം മാത്രമല്ല ഇതര ഭാഷാ സിനിമകളെയും എമ്പുരാൻ മറികടന്നുവെന്നാണ് ബുക്കിംഗ് റിപ്പോർട്ട്. ഇത്തരത്തിൽ എങ്ങും എമ്പുരാൻ ആവേശം അലതല്ലുന്നതിനിടെ ചിത്രം കാണാൻ അവധി നൽകിയിരിക്കുകയാണ് ഒരു കോളേജ്.
ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് എന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് അവധി നൽകിയിരിക്കുന്നത്. ‘പൊളിക്കടാ പിള്ളേരെ..’ എന്ന് കുറിച്ചു കൊണ്ടാണ് അവധി വിവരം കോളേജ് ഇൻസ്റ്റാഗ്രാം പേജിൽ അറിയിച്ചിരിക്കുന്നത്. മാർച്ച് 27നാണ് അവധി. ‘കാത്തിരിപ്പുകൾക്ക് അവസാനം. എമ്പുരാന്റെ മാന്ത്രികത കാണാൻ കാത്തിരുന്നോളൂ’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.