തിരൂർ ∙ വായിലിട്ടാൽ പുക വരുന്ന ബിസ്കറ്റ് കണ്ട് ഓടിച്ചെന്നു കഴിക്കല്ലേ, ആന്തരികാവയവങ്ങൾ പൊള്ളിപ്പോകും. ഇങ്ങനെയുള്ള ഭക്ഷ്യവസ്തുക്കൾ ജില്ലയിൽ നിരോധിച്ചു. ലിക്വിഡ് നൈട്രജനാണ് വെളുത്ത പുക നൽകുന്നത്. പുതിയങ്ങാടി നേർച്ച നടക്കുന്ന സ്ഥലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
തൃശൂരിൽനിന്നുള്ള ചിലരാണ് ഇവിടെയെത്തി പുകയുള്ള ബിസ്കറ്റ് വിൽപന ചെയ്തിരുന്നത്. പരിശോധനയിൽ പുകയ്ക്കു കാരണം ലിക്വിഡ് നൈട്രജനാണെന്നു കണ്ടെത്തിയതോടെ കട പൂട്ടിച്ചു. സ്റ്റീൽ പാത്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ച ലിക്വിഡ് നൈട്രജൻ പ്രത്യേക പൈപ്പ് ഉപയോഗിച്ച് എടുത്ത് വേഫർ ബിസ്കറ്റിലാക്കുന്നതോടെ ഇതിൽനിന്ന് പുക ഉയരും.
അന്തരീക്ഷ ഊഷ്മാവിൽ ലിക്വിഡ് നൈട്രജൻ എത്തുന്നതാണ് പുക ഉയരാനുള്ള കാരണം. ഇത് വായിലിടുമ്പോൾ വായിൽനിന്നും പുക പുറത്തെത്തും. ഇത് കൗതുകമായതോടെയാണ് ആളുകളെത്തി ബിസ്കറ്റ് വാങ്ങി കഴിച്ചുതുടങ്ങിയത്. എന്നാൽ ലിക്വിഡ് നൈട്രജൻ നേരിട്ട് ശരീരത്തിൽ പ്രവേശിച്ചാൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകും.
അതുവഴി കൂടുതൽ അപകടങ്ങൾ ഉണ്ടാകുകയും ചെയ്യും. വ്യാപാരം ശ്രദ്ധയിൽപെട്ടതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി പരിശോദിച്ചു കടപൂട്ടിക്കുകയായിരുന്നു. ലിക്വിഡ് നൈട്രജൻ ചേർത്ത് നേരിട്ട് നൽകുന്ന ഭക്ഷണ വ്യാപാരം ജില്ലയിൽ നിരോധിക്കുകയും ചെയ്തു.
ഭക്ഷ്യവസ്തുക്കൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോൾ കേടുവരാതെ ശീതീകരിച്ചു സൂക്ഷിക്കാൻ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കാവുന്നതാണ്. പിന്നീട് ശുചിയാക്കി പാകമാക്കി കഴിക്കുന്നതു കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ നേരിട്ട് അകത്തേക്കു കഴിക്കുന്നത് പൊള്ളൽ അടക്കമുള്ള പ്രശ്നങ്ങൾക്കു കാരണമാകും. ഇങ്ങനെ കഴിക്കരുതെന്ന് കേന്ദ്രത്തിന്റെ ഉത്തരവുള്ളതുമാണ്.
എം.എൻ.ഷംസിയ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫിസർ