ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പ്രധാനപ്പെട്ടൊരു പ്രശ്നത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. യാത്രയുടെ അവസാനനിമിഷത്തിൽ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ ടിക്കറ്റ് കീറി പോകുകകയോ മറ്റോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകുമെന്നാണ് ഇന്ത്യൻ റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനായി യാത്രക്കാർ ഒരു നിശ്ചിത തുക റെയിൽവേക്ക് നൽകണമെന്ന് മാത്രം.
റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് ഒരു വ്യക്തി ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്താൽ, സെക്കൻഡ്, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 50 രൂപയ്ക്കും മറ്റെല്ലാ ക്ലാസുകൾക്കും 100 രൂപയ്ക്കും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് റെയിൽവേ നൽകും. റിസർവേഷൻ ചാർട്ട് ഹാജരാക്കിയതിന് ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ യഥാർഥ ടിക്കറ്റിന്റെ വിലയുടെ 50 ശതമാനം അടച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നേടാം. ഇതെല്ലം കൺഫേം ആയ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമുള്ളൂ.
വെയിറ്റിങ് ലിസ്റ്റിലെ യാത്രക്കാരുടെ നഷ്ടപ്പെട്ട ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകാനാവില്ലെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. മാത്രമല്ല, കീറിപ്പോയതോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആയ ഒരു ട്രെയിൻ ടിക്കറ്റിന് റീഫണ്ടിന് അർഹതയുണ്ട്. അതേസമയം റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷം നഷ്ടമായ ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകില്ലെന്നും റെയിൽവേ അറിയിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഒറിജിനൽ ടിക്കറ്റ് കണ്ടെത്തി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനൊപ്പം നൽകിയാൽ, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന്റെ വില ഉപഭോക്താവിന് തിരികെ ലഭിക്കാനും അർഹതയുണ്ടാകും.