കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കിഫ്ബി വായ്പകളും പെൻഷൻ കമ്പനി വായ്പകളും പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന് സിഎജി ആവർത്തിച്ചതോടെയാണ് സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്ര ഗ്രാൻഡും, ജിഎസ്‍ടി നഷ്ടപരിഹാരവും കൂടി ഇല്ലാതാകുന്നതോടെ സംസ്ഥാനം ഞെരുക്കത്തിലാകുമെന്നും അതുകൊണ്ട് തന്നെ വായ്പാ പരിധി കുറയ്ക്കുന്നത് അനുവദിക്കാനാകില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്. വായ്പയെടുക്കാനുള്ള അവകാശത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളെ ഹനിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തിൽ പറഞ്ഞു. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യത്തിലേക്ക് കടന്നുകയറാനാകില്ലെന്നും കത്തിലുണ്ട്. അതെ സമയം ആണ് സർക്കാരിനെ വെട്ടിലാക്കുന്ന രീതിയിൽ കിഫ്ബി വായ്പകളെ ബജറ്റിൽ ഉൾപ്പെടുത്താവുന്നതാണെന്ന തരത്തിൽ ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ അഭിപ്രായം പുറത്തുവന്നത്.