ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായ സുരേഷ് ഗോപിയെ ട്രോളി നടന്‍ ടിനി ടോം. മാധ്യമങ്ങള്‍ സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നായിരുന്നു സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. ഈ പ്രതികരണത്തെ കളിയാക്കിയാണ് ടിനി ടോം എത്തിയത്.
തൃശൂര്‍ വേണം, അത് എനിക്ക് തരണം എന്ന് പറഞ്ഞ് കൊണ്ടിരുന്ന ആള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നാണ് ചോദിക്കുന്നത്, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും ടിനി ടോം പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ പരിഹാസം. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിനി രംഗത്തെത്തി.”ഇതാണ് സത്യം… ഉത്ഘാടന ചടങ്ങില്‍ നിര്‍ബന്ധിച്ചു സുരേഷേട്ടനെ അനുകരിപിച്ചിട്ടു അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത്.. സുരേഷേട്ടന്‍ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും” എന്നാണ് പരിപാടിയുടെ വീഡിയോ പങ്കുവച്ച് ടിനി ടോം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതേസമയം, സുരേഷ് ഗോപി ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ പുറത്തിറങ്ങുമ്പോള്‍ ഗസ്റ്റ് ഹൗസ് വളപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുതെന്ന് നിര്‍ദേശിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ആക്രോശിച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. ”നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്? ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാന്‍… ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും” എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്.