പലരും നേരിടുന്ന പ്രധാന ചർമ്മ പ്രശ്‌നമാണ് മുഖക്കുരുവും പാടുകളും. ഹോർമോൺ മാറ്റങ്ങൾ, ചർമ്മത്തിന്റെ പ്രത്യേകതകൾ, തെറ്റായ ഭക്ഷണക്രമം, ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്ക് എന്നിവ കാരണമാണ് പലർക്കും മുഖക്കുരു വരുന്നത്. അവ ഭേദമായാലും പാടുകൾ അവശേഷിക്കുന്നു. ചിലരിൽ ഇത്തരം പാടുകൾ വലിയ രീതിയിൽ ആത്മവിശ്വാസക്കുറവിന് കാരണമാകുന്നു. ഈ പ്രശ്‌നങ്ങളെ പരിഹരിക്കാനായാണ് പലരും വിലകൂടിയ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ അധികം പണം ചെലവാക്കാതെ വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന ധാരാളം നാടൻ പ്രതിവിധികളുണ്ട്. ചർമ്മത്തിൽ പുരട്ടുന്ന മരുന്നുകൾക്കൊപ്പം പോഷകങ്ങളടങ്ങിയ ആഹാരശീലത്തിലൂടെയും മുഖക്കുരുവിനെ ചെറുക്കാൻ കഴിയും.
പുളിയും മല്ലിയിലയും ചേർത്ത് തയ്യാറാക്കുന്ന നാടൻ പാനീയം ചർമ്മസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാൻ ഉത്തമമാണ്. പോഷാകാഹാര വിദഗ്‌ദ്ധയായ സോണി നരംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പാനീയത്തിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നുണ്ട്.
ഒരു ഗ്ലാസ് വെള്ളത്തിൽ 10 ഗ്രാം പുളിയും കുറച്ച് മല്ലിയിലയും ചേർത്ത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കുതിർത്ത് വച്ചശേഷം അരിച്ചെടുത്ത് കുടിക്കാം. ഈ പാനീയം ശരീരത്തിലെ വിഷാംശം നീക്കം ചെയ്‌ത് ദഹനം മെച്ചപ്പെടുത്തുമെന്നാണ് സോണി നരംഗ് അഭിപ്രായപ്പെടുന്നത്. പുളിയിൽ വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മല്ലി ശരീരത്തെ തണുപ്പിക്കാനും വിഷവസ്‌തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ആമാശയവും ശരീരവും ശുദ്ധീകരിക്കപ്പെടുമ്പോൾ അതിന്റെ ഗുണങ്ങൾ മുഖചർമ്മത്തിലും പ്രതിഫലിക്കുമെന്നാണ് സോണി നരംഗ് പറയുന്നത്.
ഇത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചർമ്മ പ്രശ്‌നങ്ങൾ രൂക്ഷമാണെങ്കിൽ ചർമ്മരോഗവിദഗ്‌ദ്ധരുടെ നിർദേശം തേടുന്നതാകും നല്ലത്.








