‘പരിയേറും പെരുമാൾ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയമായ ‘കറുപ്പി’ എന്ന നായ വാഹനാപകടത്തിൽ ജീവൻ വെടിഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കിടയായിരുന്നു അപകടം നടന്നത്. പടക്കത്തിന്റെ ശബ്ദം കേട്ട് പേടിച്ച് റോഡിലൂടെ ഓടിയ നായയെ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ കറുപ്പി വൈകാതെ വിടപറഞ്ഞു. തൂത്തുക്കുടിയിലെ പ്രദേശവാസികൾ ചേർന്ന് നായയുടെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നാണ് വിവരം.
തമിഴ് സിനിമാലോകത്തെ പേരുകേട്ട സംവിധായകനായി മാറിയ മാരി സെൽവരാജിന്റെ ആദ്യ ചിത്രമായിരുന്നു പരിയേറും പെരുമാൾ. നിരൂപക പ്രശംസ വേണ്ടുവോളം നേടിയ ചിത്രം വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമയിൽ നായകനായെത്തിയ കതിറിന്റെ വളർത്തുനായ ആയിരുന്നു കറുപ്പി. ചിത്രത്തിൽ കറുപ്പിയെ കാണിച്ചിരിക്കുന്ന രംഗങ്ങളെല്ലാം ഹൃദയഭേദകമായിരുന്നു. സിനിമ സംസാരിക്കാനുദ്ദേശിച്ച രാഷ്‌ട്രീയത്തെ വൈകാരിക തലത്തിലേക്ക് കൊണ്ടുപോകുന്നതിൽ കറുപ്പി വഹിച്ച പങ്ക് വലുതാണ്. ക്രൂരമായി കൊലചെയ്യപ്പെട്ട കറുപ്പിയെ നായകൻ ഓർക്കുന്ന പാട്ടും ഏറെ ശ്രദ്ധനേടി. യഥാർത്ഥ ജീവിതത്തിലും കറുപ്പിയെ മരണം തേടിയെത്തിയത് അപ്രതീക്ഷിതമായതിനാൽ നാടൊന്നാകെ വേദനയിലാണ്.