തിരുവനന്തപുരം: മൈക്ക് ഉപയോഗിച്ചുളള അനൗൺസ്മെന്റിന് അനുമതി ലഭിക്കണമെങ്കിൽ ഇനി ഇരട്ടി തുക നൽകണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വർദ്ധിപ്പിച്ചത്. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ സേവന-ഫീസ് നിരക്കുകളും 10 % കൂട്ടി. ഡിജിപി അനിൽകാന്തിന്റെ ശുപാർശയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയത്. സേവനഫീസ് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ശുപാർശ.
ഇതോടെ കേരളം മുഴുവൻ മൈക്ക് അനൗൺസ്മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികളും ഇരട്ടി തുക നൽകണം . അഞ്ചു ദിവസത്തേക്ക് നിലവിൽ നൽകേണ്ടത് 5,515 രൂപയാണ് .ഇനി മുതൽ ഇത് 11,030 രൂപ ആകും . ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനുള്ള തുക 555 ൽ നിന്നു 1,110 രൂപയാക്കി. കൂടാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 ൽ നിന്ന് 619 രൂപയുമാക്കി ഉയർത്തി. ഇവയ്ക്ക് പുറമെ സ്വകാര്യ വിനോദ പരിപാടികൾ, സിനിമ ഷൂട്ടിങ് ഉൾപ്പെടെയുള്ളവയ്ക്കും അധിക തുക അടയ്ക്കണം. സ്റ്റേഷൻ ഓഫീസർ മാരുടെ സേവനം ആവശ്യമാണെങ്കിൽ നാല് മണിക്കൂർ അടിസ്ഥാനത്തിൽ പണം അടയ്ക്കണം .പകൽ 3,795 രൂപയും രാത്രി 4,750 രൂപയുമാണ് അടയ്ക്കേണ്ടത്. പോലീസ് സ്റ്റേഷനിൽ ഷൂട്ടിങ് നടത്തണമെങ്കിൽ 11,025 രൂപയ്ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നൽകണം. പോലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയർലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നൽകണം. ഫൊറൻസിക് സയൻസ് ലബോറട്ടറി, ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിലെ ഫീസുകൾ എന്നിവയും വർദ്ധിപ്പിച്ചു. എംപ്ലോയീ വെരിഫിക്കേഷൻ ഫീസ്, അപകടവുമായി ബന്ധപ്പെട്ട രേഖകൾ, ഇതര സംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സർട്ടിഫിക്കറ്റ് എന്നിവയുടെ ഫീസുകളിലും മാറ്റം ഉണ്ട്. ഇവയ്ക്ക് പുറമെ ബാങ്കുകൾ തപാൽ വകുപ്പ് എന്നിവർക്ക് പോലീസ് എസ്കോർട്ട് നൽകുന്നതിനുള്ള തുക, നിലവിലെ നിരക്കിൽ നിന്നു 1.85 % വർധിപ്പിച്ചിട്ടുണ്ട്.