യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോക് ഡൗണ്‍ സമയത്ത് നിരവധി താരങ്ങളാണ് മേക്കോവറിലൂടെ ഞെട്ടിച്ചത്. മമ്മൂട്ടിയുടെ ചിത്രങ്ങളും ഫിറ്റ്നസ് വിശേഷങ്ങളും സജീവമായി മാറിയതിന് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപുത്രന്‍ പുതിയ രൂപം പുറത്തുവിട്ടത്.
ചുരുളന്‍ മുടിയുമായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്തത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. മുമ്മുവിന്റെ അത്ര ഭംഗിയില്ല ദുല്‍ഖറിന്റെ ചുരുളന്‍ മുടിയെന്നായിരുന്നു നസ്രിയയുടെ കമന്റ്. ഈ അഭിപ്രായം ദുല്‍ഖറും ശരിവെക്കുകയായിരുന്നു. മറിയം അമീറ സല്‍മാനെന്നാണ് പേരെങ്കിലും മുമ്മുവെന്നാണ് മറിയത്തിനെ വിളിക്കുന്നത്. സിനിമാതിരക്കുകളില്ലാതെ ഇതാദ്യമായാണ് ഇത്രയും നാള്‍ താന്‍ അവള്‍ക്കൊപ്പം കഴിയുന്നതെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.
പൃഥ്വിരാജിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ദുല്‍ഖറുമുള്ള ചിത്രവും പുറത്തുവന്നിരുന്നു. വിജയ് യേശുദാസ്, അനുപമ പരമേശ്വരന്‍, വിക്രം പ്രഭു, ടൊവിനോ തോമസ്, ഇന്‍സണ്‍ പോള്‍, നസ്രിയ നസീം, ഷിയാസ് കരീം തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. മറിയത്തെപ്പോലെ പോണി ടെയില്‍ കെട്ടിയുള്ള ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു വിക്രം പ്രഭു പറഞ്ഞത്. അടുത്ത പോസ്റ്റില്‍ അതാണ് പ്രതീക്ഷയെന്ന് താരം പറഞ്ഞപ്പോള്‍ ആരാധകരും അനുകൂലിക്കുകയായിരുന്നു.