Spread the love
ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയർപേഴ്‌സണായി ഡോ.ദരക്ഷന്‍ അന്ദ്രാബി

വഖഫ് ബോർഡിന്റെ ചെയര്‍പേഴ്‌സണായി ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും വനിതാ നേതാവുമായ ഡോ. ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു. മുസ്ലീം ആരാധനാലയങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് അന്ദ്രാബി. മതസ്ഥാപനങ്ങള്‍ മാത്രമല്ല, സ്‌കൂളുകളും ആശുപത്രികളും വഖഫ് ബോര്‍ഡിന് കീഴില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും യാതൊരു വിവേചനവും ഇല്ലാതെ പ്രവര്‍ത്തിക്കുമെന്നും അന്ദ്രാബി പറഞ്ഞു. ബോര്‍ഡിന്റെ സേവനങ്ങൾ ജാതി-മത വിവേചനങ്ങൾക്കതീതമായി എല്ലാ ജനങ്ങൾക്കും പ്രയോജനപ്രദമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക പണ്ഡിതനായ സയ്യിദ് മുഹമ്മദ് ഹുസൈന്‍, എഴുത്തുകാരനും കോളമിസ്റ്റുമായ ഗുലാം നബി ഹലീം, പ്രമുഖ പത്രപ്രവര്‍ത്തകന്‍ സൊഹൈല്‍ കാസ്മി, നവാബ് ദിന്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് റീജിയണല്‍ ഡയറക്ടര്‍ ഉധംപൂര്‍ എന്നിവരാണ് പുതിയ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍.

Leave a Reply