സൈബറിടങ്ങളിൽ സ്ത്രീകളുടെ കഴിവിനേയും നേട്ടങ്ങളേയും പ്രശംസിച്ച് പോസ്റ്റിട്ടാൽ ആണുങ്ങളെ പെൺകോന്തനാക്കുന്ന ചില കൂട്ടരുണ്ട്. സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോഴും അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോഴും ദഹിക്കാതെ പോകുന്നവർ. അത്തരക്കാർക്ക് കുറിക്കു കൊള്ളുന്ന മറുപടി പറയുകയാണ് ഡോ. നെൽസൺ ജോസഫ്. പ്രസവം കഴിഞ്ഞ് വന്ന് ലോക റിക്കാർഡിടുന്ന ഷെല്ലി ആൻ ഫ്രേസറെയും കിരീടം നേടുന്ന സാനിയ മിർസയെയും കാണുമ്പൊ ബഹുമാനം തോന്നേണ്ടേ എന്ന് ഡോ. നെൽസൺ ചോദിക്കുന്നു. അത്തരക്കാരെ ബഹുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ടേയെന്നും അദ്ദേഹം കുറിക്കുന്നു.
ഇന്നലെ കണ്ട ഒരു കമൻ്റാണ്. ” വാളയാർ, പാലത്തായി വിഷയങ്ങളിൽ പാർവ്വതി ദേവിയുടെ പ്രതികരണം സ്ക്രീൻ ഷോട്ടായി ഭക്തർ ഇവിടെ നിക്ഷേപിക്കണം. കുറേ പെൺകോന്തന്മാരെന്ന് നിങ്ങളേക്കുറിച്ചുള്ള പൊതുബോധവും മാറിക്കിട്ടും “അതെ ഇറാഖ് ഇറാനെ ആക്രമിച്ചപ്പോൾ പാർവതി എവിടെയായിരുന്നു?ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചപ്പൊ പാർവതി എന്തുകൊണ്ട് പ്രതികരിച്ചില്ല?അമേരിക്ക ആറ്റം ബോംബിട്ട് പതിനായിരങ്ങളെ കൊന്നപ്പൊ പാർവതിക്ക് നാക്കില്ലായിരുന്നോ? ഇതിനൊന്നും പ്രതികരിക്കാതെ പിന്നെ ഇപ്പൊ മാത്രം വന്നതെന്തിന്?സോറി, നമ്മൾ വിഷയത്തിൽ നിന്ന് വഴുതിമാറുന്നു. പറഞ്ഞുവന്നത് ഞാൻ പെൺകോന്തനാവുന്നത് എങ്ങനെയാണെന്നാണല്ലോ.
മീശയും മസിലും ഘനഗാംഭീര്യമുള്ള ശബ്ദവും ഒറ്റ വിളിക്ക് അടുക്കളയിൽ നിൽക്കുന്ന ഭാര്യ പേടിച്ച് മൂത്രമൊഴിക്കുന്നത്ര ടെററും പിന്നെ വെട്ടൊന്ന് മുറി രണ്ടെന്ന് പറഞ്ഞ രീതിയിൽ എടുക്കുന്ന തീരുമാനങ്ങളും ആകാശം ഇടിഞ്ഞ് വീണാലും നെഞ്ച് വിരിച്ച് നിൽക്കുന്ന നിൽപ്പുമൊക്കെയുള്ള ആ പരമ്പരാഗത പുരുഷ മാതൃകകളുടെ അപ്പുറത്ത് വരുന്ന ആണുങ്ങളെ വിളിക്കുന്ന പേരാണല്ലോ അതൊക്കെ…നമുക്ക് ഓരോന്നായിട്ടെടുക്കാം….പലവട്ടം എഴുതിയിട്ടുള്ളതുകൊണ്ട് കളിയാക്കൽ കേട്ടിട്ടുള്ള പേരുകളിലൊന്നാണ് ജസിൻഡ ആർഡൻ. ജസിൻഡ മാത്രമല്ല സ്ഥിരം കക്ഷി. പാർവതി, ആരോഗ്യമന്ത്രി കെ.കെ.ശൈലജ , ഷാനിമോൾ ഉസ്മാൻ, ഷെല്ലി ആൻ ഫ്രേസർ, കാറ്റി ബോമാൻ, സാനിയ മിർസ എന്നിവരെക്കുറിച്ചൊക്കെ ഒന്നിലധികം തവണ എഴുതിയിട്ടുള്ളതാണ്.
ഒന്ന് നോക്കിയാൽ ഇവർക്കൊരു പൊതു സ്വഭാവം കാണാം. എല്ലാവരും സ്ത്രീകളാണ് എന്നതല്ല അത്. എനിക്കില്ലാത്ത പലതും ഇവർക്കുണ്ട് എന്നതാണ്.പണ്ട് പഠിക്കുന്ന കാലത്ത്, പ്രത്യേകിച്ച് മെഡിക്കൽ കോളജിലുള്ള സമയത്ത് പ്രതികരിക്കണം എന്ന് കരുതിയിരുന്ന പലയിടത്തും മിണ്ടാതിരുന്നിട്ടുണ്ട്. ധൈര്യമില്ലാഞ്ഞിട്ടാണ്. അതുകൊണ്ട് മാത്രമല്ല, പ്രതികരിച്ചാൽ എന്തൊക്കെ നഷ്ടപ്പെടുമെന്ന് ആലോചിച്ചിട്ടുകൂടിയാണ്.
അപ്പൊ ആ പ്രത്യാഘാതങ്ങളെ കണക്കിലെടുക്കാതെ ധീരതയോടെ പ്രതികരിക്കുന്നവരെ കാണുമ്പൊ ബഹുമാനം തോന്നാറുണ്ട്….അത് തുറന്ന് പറയാറുമുണ്ട്…ആ ഒരു കാരണം കൊണ്ട് പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..മസിലും ഘനഗാംഭീര്യവുമുള്ള ശബ്ദവുമില്ല…മാത്രമല്ല നന്നായിട്ടൊന്ന് ഫിസിക്കൽ എക്സെർഷൻ വന്നാൽ ചിലപ്പൊ കിതച്ചുപോവും…അപ്പൊ പ്രസവം കഴിഞ്ഞ് വന്ന് ലോക റിക്കാർഡിടുന്ന ഷെല്ലി ആൻ ഫ്രേസറെയും കിരീടം നേടുന്ന സാനിയ മിർസയെയും കാണുമ്പൊ ബഹുമാനം തോന്നേണ്ടേ…അവരെ ബഹുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..
ഞാൻ കരഞ്ഞിട്ടുണ്ട്. പലവട്ടം കരഞ്ഞിട്ടുണ്ട്. നല്ലൊരു സിനിമയിൽ കണ്ണ് നിറയുന്ന സീൻ കണ്ടാൽപ്പോലും കണ്ണ് നിറയുന്നയാളാണ്. വിഷമം വരുമ്പൊ സഹിക്കാൻ സ്വല്പം പ്രയാസമുള്ളതുമാണ്. ആകാശം ഇടിഞ്ഞ് വീഴുമ്പൊ നെഞ്ച് വിരിച്ച് നിൽക്കില്ല. പ്രത്യാഘാതമാലോചിച്ച് ടെൻഷനടിക്കുന്നയാളാണ്.അപ്പൊ അങ്ങനെയുള്ള അവസരങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുത്ത് അവ പുഞ്ചിരിയോടെ വിശദീകരിക്കുന്നവരെ ബഹുമാനിക്കുന്നത്, അവരെക്കുറിച്ച് സംസാരിക്കുന്നത്….പെൺകോന്തനാക്കുകയാണെങ്കിൽ അങ്ങട് ആവട്ടെ ചേട്ടാ..പെണ്ണുങ്ങൾ ജോലിക്ക് പോയാലും കേൾക്കാം ഇത്തരം ഡയലോഗുകൾ.” ഓ, അവനൊരു കഴിവുകെട്ടവനായകൊണ്ടാ “”
പെണ്ണ് കുടുംബം പോറ്റേണ്ട അവസ്ഥ ഇവിടില്ല “ഇനി ഇതെല്ലാം മറികടന്ന് സ്ത്രീ ജോലിക്ക് പോവുകയും പുരുഷൻ കുടുംബം നോക്കുകയും ചെയ്തെന്ന് തന്നെ ഇരിക്കട്ടെ. അവർ, അവരുടെ ജീവിതം എന്ന് കരുതി വഴിക്ക് വിടുകയല്ല, പെണ്ണുണ്ണി, പെൺകോന്തൻ, പാവാട, പാവാടച്ചരട്…എക്സട്രാ…
അപ്പൊ ബ്ലാക് ഹോളിൻ്റെ ചിത്രമെടുക്കുന്നതിൽ പങ്കുകൊള്ളുന്നത് തൊട്ട് പ്രധാനമന്ത്രിപദം വരെ ചുരുങ്ങിയ പ്രായം കൊണ്ട് എത്തുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും… നിങ്ങൾ പറയുന്നതിലെ വിഡ്ഢിത്തം ചൂണ്ടിക്കാട്ടാൻ…അതുകൊണ്ട് പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..എൻ്റെ ഭാര്യ എന്നെ കാണുമ്പൊ പേടിച്ച് വിറയ്ക്കാറില്ല. ” തല്ലി നന്നാക്കാം ” എന്നൊരു വിഡ്ഢിത്തരം ചിന്തിച്ചുവച്ചിട്ടുമില്ല..
” അത് നിൻ്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാ “” ആണിൻ്റെ കൈയുടെ ചൂടറിയുന്നത് വരെയേ ഉള്ളൂ അഹങ്കാരം “എന്നൊക്കെയുളള ഡയലോഗുകൾ അവിടെ വച്ചേര്. കയ്യിലെ എല്ല് ആരെയെങ്കിലും തല്ലാനായിട്ട് മാത്രം തന്നതാണെന്ന് ആരാണ് പറഞ്ഞത്?
സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത അവസരങ്ങളുണ്ട്. അപ്പോൾ ചെയ്യാറുള്ളത് നേരെ ഫോണെടുത്ത് കുത്തി ലിസ്ബിയെ വിളിക്കുകയാണ്.രണ്ടാണ് കാരണം. ഒന്ന്, ആ തീരുമാനങ്ങളുടെ നേട്ടവും കോട്ടവും അനുഭവിക്കാൻ അവളും കൂടെയുണ്ടാവും. രണ്ടാമത്തേത് അത്തരം അവസരങ്ങളിൽ ഒരാളുടെ അഭിപ്രായം, അല്ലെങ്കിൽ ഒരാളോട് കൂടി സംസാരിക്കുന്നത് ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കും…എല്ലാ തീരുമാനവും ഒറ്റയ്ക്കെടുത്തോണമെന്ന് എവിടാ നിയമം?.കെട്ട്യോളോട് കൂടി ആലോചിച്ച് തീരുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..അപ്പൊ അതുകൊണ്ട് ചേട്ടാ, ഇത്രയുമൊക്കെ ചെയ്യുന്നതുകൊണ്ട് പെൺകോന്തനെന്നുള്ള ആ