ഡോ. പി.കെ. ജമീലയും സന്തോഷ് ജോർജ് കുളങ്ങരയും ആസൂത്രണബോർഡിൽ
തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരെ ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണബോർഡ് പുനഃസംഘടിപ്പിച്ചു.
പി.കെ. ജമീലയ്ക്കൊപ്പം പ്രൊഫ. മിനി സുകുമാർ, പ്രൊഫ. ജിജു പി. അലക്‌സ്, ഡോ. കെ. രവിരാമൻ എന്നിവരാണ് ആസൂത്രണബോർഡ് അംഗങ്ങൾ. പാർട്ട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആർ. രാമകുമാർ, വി. നമശിവായം, സന്തോഷ് ജോർജ് കുളങ്ങര എന്നിവരെയും മന്ത്രിസഭ നിയമിച്ചു.
മുൻ ആരോഗ്യ ഡയറക്ടർ പി.കെ. ജമീലയെ ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച ആർദ്രം മിഷന്റെ കൺസൽട്ടന്റായി നിയമിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരെ ഇടതുസ്ഥാനാർഥിയായി പരിഗണിച്ചെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറി.
പ്രൊഫ. മിനി സുകുമാരൻ കാലിക്കറ്റ് സർവകലാശാലയിലും ജിജു പി. അലക്‌സ് കാർഷിക സർവകലാശാലയിലും അധ്യാപകരാണ്. നിലവിൽ ആസൂത്രണബോർഡ് അംഗമാണ് ഡോ. കെ. രവിരാമൻ. പ്രൊഫ. ആർ. രാമകുമാറും നിലവിൽ അംഗമാണ്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ബോർഡിന്റെ അധ്യക്ഷൻ. പ്രൊഫ. വി.കെ. രാമചന്ദ്രൻ വൈസ് ചെയർമാനാണ്. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെയും നിശ്ചയിച്ചു.
ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരംക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.