കാൽ നൂറ്റാണ്ടായി കൊച്ചിയിലെ സിനിമാവിതരണ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന മെജോ (46) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട താഴേക്കാട് മാളിയേക്കൽ കുടുംബാംഗമായ മെജോയുടെ ഭാര്യ നീതു, മക്കൾ ഹമീൻ മെജോ, മിൻഹാ റോസ്.
കഴിഞ്ഞ 25 വർഷത്തിലധികമായി മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ- വിതരണ കമ്പനികളിൽ ജോലി ചെയ്ത പ്രവർത്തി പരിചയമുള്ള വ്യക്തിയായിരുന്നു മെജോ. ശ്രീവാസ് ഫിലിംസിലെ ഫിലിം റെപ്രെസെന്ററ്റീവ് ആയി തന്റെ കരിയർ തുടങ്ങിയ മെജോ, ശേഷം മലയാള സിനിമയുടെ കൊച്ചി ഏരിയ വിതരണ രംഗത്തെ സ്ഥിരം സാന്നിധ്യമായി മാറി. ശ്രീവാസ് ഫിലിംസ്, ഇഫാർ മീഡിയ, സായൂജ്യം സിനി റിലീസ്, ക്യാപിറ്റൽ സിനിമാസ്, തമീൻസ് റിലീസ് എന്നിവയാണ് അദ്ദേഹം ജോലി ചെയ്തിട്ടുള്ള മറ്റു സിനിമാ നിർമാണ- വിതരണ കമ്പനികൾ. നിലവിൽ ഡ്രീം ബിഗ് ഫിലിംസിന്റെ എറണാകുളം ഏരിയ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു മെജോ. സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10:30ന് താഴേക്കാട് സെൻറ്റ് സെബാസ്റ്റ്യൻ പളളിയിൽ നടക്കും