കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലെ അന്തേവാസിയായ ദൃശ്യ വധക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ഫൊറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
വിനീഷിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
നേരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടക്കാനും വിനീഷ് ശ്രമിച്ചിരുന്നു. ഓഗസ്റ്റ് 15നാണ് രക്ഷപെടാൻ നോക്കിയത്. മുമ്പ് സബ് ജയിലിൽ റിമാൻഡിലിരിക്കെ വിനീഷ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കൊതുക് തിരി കഴിച്ചാണ് വിനീഷ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെല്ലിൽ വിനീഷ് തുടർച്ചയായി ഛർദിക്കുന്നത് കണ്ട ജയിൽ വാർഡൻമാർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കഴിഞ്ഞ വർഷം ജൂണിലാണ് 21കാരിയായ പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു.