കൊവിഡ് ലോക്ക് ഡൗൺ മൂലം ചിത്രീകരണം പാതിവഴിയിൽ നിർത്തിവച്ച ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാൽ നായകനായ റാം. ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ച റാം കൊച്ചി, ധനുഷ് കോടി എന്നീ ലൊക്കേഷനുകളിലെ ചിത്രീകരണത്തിന് പിന്നാലെ ലണ്ടൻ, ശ്രീലങ്ക ഉൾപ്പെടെ വിദേശ ഷെഡ്യൂളിലേക്ക് കടന്നപ്പോഴായിരുന്നു കൊവിഡ് വഴിമുടക്കിയത്. വിദേശത്തെ ചിത്രീകരണം നീണ്ടതോടെ മോഹൻലാലിനൊപ്പം ജീത്തു ജോസഫ് ദൃശ്യം സെക്കൻഡ് പ്രഖ്യാപിച്ചു. ദൃശ്യം സെക്കൻഡും, റാമും ഒരേ സമയം എഡിറ്റിംഗിലേക്ക് കടന്നിരിക്കുകയാണെന്ന് ജീത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
രാജ്യാന്തര യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ റാം തുടർചിത്രീകരണത്തിലേക്ക് കടക്കാനാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്. നേരത്തെ റാം ഉപപേക്ഷിച്ചാണ് ദൃശ്യം സെക്കൻഡിലേക്ക് കടക്കുന്നതെന്ന അഭ്യൂഹങ്ങൾ ജീത്തു തന്നെ നിഷേധിച്ചിരുന്നു. മോഹൻലാൽ കുറ്റാന്വേഷണ ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക. റാമും ദൃശ്യം സെക്കൻഡും തിയറ്റർ റിലീസായി തന്നെയാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്.