
കോട്ടയം – ദൃശ്യം മാതൃകയിലുളള കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍. രണ്ടു പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉളളതായി സൂചന.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേരാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തി ശരീരം കുഴിച്ചിടുന്നതിന് സഹായിച്ചതെന്നാണ് സൂചന. ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിക്കാനും കുഴിയെടുത്ത് മൃതദേഹം മറവുചെയ്യാനും സുഹൃത്തുക്കളായ ബിബിന്‍, ബിനോയി എന്നിവരുടെ സഹായമുണ്ടായതായി മുത്തുകുമാര്‍ ചോദ്യംചെയ്യലില്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.
ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാറിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തില്‍ കൊന്ന് കുഴിച്ചിട്ടത്.മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മര്‍ദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ കലവൂര്‍ ഐ.ടി.സി.കോളനിയില്‍നിന്നു പിടികൂടിയ മുത്തുകുമാറിനെ വിശദമായ ചോദ്യംചെയ്യലിനുശേഷം ചങ്ങനാശ്ശേരി പോലീസിനു കൈമാറി. ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിക്കാനും കുഴിയെടുത്ത് മൃതദേഹം മറവുചെയ്യാനും സുഹൃത്തുക്കളായ ബിബിന്‍, ബിനോയി എന്നിവരുടെ സഹായമുണ്ടായതായി മുത്തുകുമാര്‍ ചോദ്യംചെയ്യലില്‍ മൊഴിനല്‍കി. ഇവരെയാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അറസ്റ്റ് എന്നതാണ് പോലീസ് നടപടി
കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലേക്കു കടന്ന മുത്തുകുമാര്‍ കലവൂരിലെത്തുമെന്നു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പിടിയിലായത്. പ്രതിയുടെ ബന്ധുക്കള്‍ താമസിക്കുന്ന ഐ.ടി.സി.കോളനിയില്‍ മുത്തുകുമാര്‍ എത്തുമ്പോള്‍ വിവരം നല്‍കാന്‍ പോലീസ് ചിലരെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മുത്തുകുമാര്‍ കോളനിയിലെത്തിയത്. മുത്തുകുമാറിനെ തിരിച്ചറിഞ്ഞ കോളനിക്കാര്‍ വിവരം പോലീസിനു കൈമാറിയതോടെയാണ് വലയിലായത്.
മണ്ണഞ്ചേരി നേതാജിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞമാസം 24-ന് വീട്ടില്‍നിന്നുപോയ ബിന്ദുമോനെ പിന്നീട് കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുത്തുകുമാറിന്റെ ഫോണ്‍നമ്പരില്‍നിന്നാണ് അവസാനമായി ബിന്ദുമോനു വിളിവന്നതെന്ന് പോലീസ് മനസ്സിലാക്കി. ഇതേത്തുടര്‍ന്ന് ചോദ്യംചെയ്യലിനായി സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കി മുത്തുകുമാര്‍ മുങ്ങി. മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് നോര്‍ത്ത് പോലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയത്.