ഖത്തർ എജ്യുക്കേഷൻ സിറ്റി ക്യാമ്പസിൽ ഡ്രൈവറില്ലാ മിനിബസ്. സ്വയം പ്രവർത്തിക്കുന്ന വൈദ്യുത മിനി ബസുകൾ ഖത്തർ ഫൗണ്ടേഷനിലെ എജ്യൂക്കേഷൻ സിറ്റി ക്യാംപസിലുടനീളം പരീക്ഷണ ഓട്ടം നടത്തും. അടുത്ത 10 ദിവസം ക്യാംപസിൽ 3.2 കിലോമീറ്ററിൽ നിശ്ചിത റൂട്ടുകളിലാണ് ഡ്രൈവറില്ലാ മിനി ബസ് പരീക്ഷണയോട്ടം നടത്തുന്നത്. ലെവൽ-4 സാങ്കേതിക വിദ്യയിലാണ് വൈദ്യുതി മിനി ബസുകൾ പ്രവർത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളെ വേഗത്തിൽ തരണം ചെയ്യാനായി ബസ് യാത്രയിലുടനീളം വിദഗ്ധ ഡ്രൈവർമാരുണ്ടാകും. റഡാറുകൾ, നൂതന ക്യാമറകൾ തുടങ്ങിയവ ബസിനുള്ളിലുണ്ട്. മണിക്കൂറിൽ 40 കിലോമീറ്ററാണ് വേഗം. ഒരു സമയം 8 പേർക്കു ആണ് യാത്ര ചെയ്യാൻ കഴിയുന്നത്.