Spread the love

കൊച്ചി ∙ പനമ്പിള്ളി നഗറിൽ ലക്കില്ലാതെ വാഹനമോടിച്ചതു ചോദ്യം ചെയ്തവരെ ഒരു സംഘം ആക്രമിച്ചതായി പരാതി. ചൊവ്വാ വൈകിട്ട് ഏഴേകാലിനാണു സംഭവം നടക്കുന്നത്. ആക്രമണത്തിൽ സപ്ലൈകോ റിട്ട. ജീവനക്കാരൻ മുരളീധരന് (56) മുഖത്തു പരുക്കേറ്റു. അമിത വേഗത്തിൽ പനമ്പിള്ളിനഗർ ഭാഗത്തേക്കു വന്ന കാർ പെട്ടെന്നു ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോൾ തുടർച്ചയായി ഹോണടിച്ചു. മുന്നിലെ കാറിലുണ്ടായിരുന്ന പി.വി. ഷജീദ് എന്ന യാത്രക്കാരൻ എന്തിനാണു ഹോണടിക്കുന്നതെന്നു ചോദിച്ചപ്പോൾ കാറിലുണ്ടായിരുന്നവർ അസഭ്യം പറഞ്ഞു.

ഇതു ചോദ്യം ചെയ്തതിനെ തുടർന്നു വാക്കേറ്റമുണ്ടായി. ഇതിനിടെ പിന്നിലെ മറ്റൊരു കാറിലുണ്ടായിരുന്ന മുരളീധരൻ മോശം ഡ്രൈവിങ് ചോദ്യം ചെയ്തു. ഇതോടെ സംഘം മുരളീധരനെ ആക്രമിക്കുകയായിരുന്നു. മുഖത്തു പരുക്കേറ്റ മുരളീധരൻ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം കാർ ഓടിച്ചു പോയി. തുടർന്നു മുരളീധരൻ സൗത്ത് പൊലീസിൽ പരാതി നൽകി. തിരക്കൊഴിഞ്ഞാൽ പനമ്പിള്ളി നഗർ റോഡിലൂടെ അമിത വേഗത്തിൽ വാഹനമോടിക്കുന്നതു പതിവാണ്.

Leave a Reply